വിവാദ പരാമര്‍ശം: മെസിക്ക് മൂന്ന് മാസം വിലക്കും വന്‍തുക പിഴയും

August 3, 2019

വിവാദ പരാമര്‍ശത്തെ തുടര്‍ന്ന് അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സിക്ക് അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിലക്ക് ഏര്‍പ്പെടുത്തി. ലാറ്റിനമേരിക്കന്‍ ഫുഡ്‌ബോള്‍ കോണ്‍ഫെഡറേഷാനാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിയ്ക്കുന്നത്. മൂന്ന് മാസത്തേയ്ക്കാണ് വിലക്ക്. ഇതിനുപുറമെ 50000 ഡോളര്‍ പിഴയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോപ്പ അമേരിക്ക ഫുട്‌ബോള്‍ ടൂര്‍ണമെന്റ് നടത്തിപ്പില്‍ അഴിമതി ആരോപണം നടത്തിയതിനാണ് താരത്തിന് വിലക്കും പിഴയും ലഭിച്ചിരിക്കുന്നത്.

കോപ്പ അമേരിക്ക ഫുട്‌ബോളില്‍ മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തിനിടെ റഫറി ചുവപ്പ് കാര്‍ഡ് കാണിച്ച നടപടിയെയും സംഘാടകരെയും മെസ്സി വിമര്‍ശിച്ചിരുന്നു. ഇതിനെതിരെയാണ് താരത്തിന് വിലക്കും പിഴയും. കോപ്പ അമേരിക്ക ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ചിലിക്കെതിരെയായിരുന്നു മൂന്നാം സ്ഥാനത്തിനു വേണ്ടിയുള്ള അര്‍ജന്റീനയുടെ മത്സരം. മത്സരത്തില്‍ ചുവപ്പ് കാര്‍ഡ് കണ്ട് ആദ്യ പകുതിക്ക് മുമ്പേ മെസ്സിക്ക് കളം വിടേണ്ടി വന്നു.

Read more:മണിരത്‌നം മാജിക് ‘പൊന്നിയിൻ സെൽവൻ’ ആരംഭിക്കുന്നു; അണിയറയിൽ ഒരുങ്ങുന്നത് വമ്പൻ താരനിര

മത്സരത്തിന് ശേഷം റഫറിക്കെതിരെ വിമര്‍ശനങ്ങളുമായി മെസ്സി രംഗത്തെത്തുകയായിരുന്നു. സൗത്ത് അമേരിക്കന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ അഴിമതിയുടെ കേന്ദ്രമാണെന്നും ബ്രസീലിന് കിരീടം ലഭിക്കാനുള്ള നാടകങ്ങളാണ് അണിയറയില്‍ നടക്കുന്നതെന്നും മെസ്സി ആരോപിച്ചു. ഇക്കാരണത്താലാണ് താരത്തിനെതിരെ നടപടിയെടുത്തത്.

Read more:സെറ്റില്‍ ഫഹദ് ഇക്കയെ ‘ഷമ്മി’ ആയിട്ടുതന്നെയാണ് കണ്ടത്: ‘കുമ്പളങ്ങി നൈറ്റ്‌സി’ലെ സിമി: വീഡിയോ

വിലക്ക് പ്രകാരം ഇനി നവംബര്‍ മൂന്നിന് മാത്രമേ താരത്തിന് കളത്തിലേക്ക് മടങ്ങി എത്താനാകൂ. വിലക്ക് കാരണം സെപ്റ്റംബര്‍ അഞ്ചിന് ചിലിക്കും സെപ്റ്റംബര്‍ പത്തിന് മെക്‌സിക്കോയ്ക്കും ഒക്ടോബര്‍ ഒമ്പതിന് ജര്‍മ്മനിയ്ക്കും എതിരെ നടക്കുന്ന സൗഹൃദ മത്സരങ്ങള്‍ മെസ്സിക്ക് നഷ്ടമാകും. ചിലിക്കെതിരെ നടന്ന മത്സരത്തില്‍ ചുവപ്പ് കാര്‍ഡ് കിട്ടിയതിനാല്‍ ഒരു ലോകകപ്പ് യോഗ്യത മത്സരവും മെസ്സിക്ക് നഷ്ടമാകും.