സംസ്ഥാനത്ത് മഴ അതിശക്തം; അറിയാം വിവിധ ജില്ലകളിലെ സ്ഥിതിഗതികൾ

August 8, 2019

കേരളം നേരിട്ട മഹാപ്രളയത്തിന് ഒരു വയസ്സാകുമ്പോൾ സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു. സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ ഉരുൾപൊട്ടലും, കാറ്റും മഴയും ശക്തമാണ്. ശക്തമായ കാറ്റിന് സാധ്യതയുളളതിനാല്‍ മത്സ്യതൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിര്‍ദേശം നൽകിയിട്ടുണ്ട്. മൂന്ന് സംസ്ഥാനങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. അഞ്ച് സംസ്ഥാനങ്ങളിൽ മഴ ശക്തമായതിനെ തുടര്‍ന്ന് ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കൻ കേരളത്തിൽ മഴ ശക്തമാണ്. വെള്ളം ക്രമാതീതമായി ഉയർന്നുകൊണ്ടിരിക്കുകയാണ്. നിലവിൽ മൂന്ന് ഇടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്.

കാസർഗോഡ് 

കാസർഗോഡ് ജില്ലയിലും മഴ ശക്തമാണ്. എന്നാൽ മറ്റ് ജില്ലകളെ അപേക്ഷിച്ച് കാസർഗോഡ് ജില്ലയിൽ മഴ കുറവാണ്. വെള്ളരിക്കുണ്ട് താലൂക്കിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ് കലക്‌ടർ.

കണ്ണൂർ  

കണ്ണൂർ ജില്ലയിൽ മഴ അതിശക്തമാണ്. ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. നിരവധി സ്ഥലങ്ങളിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, ചുഴലിക്കാറ്റ് എന്നിവ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കണ്ണൂരിന്റെയും മലയോര മേഖലയിൽ ഇന്നലെ മുതൽ ശക്തമായ മഴയായിരുന്നു. കണ്ണൂർ ശ്രീകണ്ഠാപുരം, ചെങ്ങളായി, ഉളിക്കൽ, പടിയൂർ എന്നിവിടങ്ങളിൽ വെള്ളം കയറി. നിരവധി വീടുകളും കൃഷിയിടങ്ങളും വെള്ളത്തിലാണ്. ചുഴലിക്കാറ്റില്‍ കണ്ണൂര്‍ കാണിച്ചാറില്‍ വന്‍ നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

കനത്ത മഴയെ തുടര്‍ന്ന് പുഴകളില്‍ മലവെള്ളപ്പാച്ചില്‍ ശക്തമാണ്. ഇരിട്ടി പുഴയും കരകവിഞ്ഞൊഴുകുകയാണ്. മണിക്കടവില്‍ മൂന്ന് പാലങ്ങള്‍ വെള്ളത്തിനടിയിലായി. മണിക്കടവ്, പീടികക്കുന്ന് പ്രദേശങ്ങൾ ഒറ്റപ്പെട്ട നിലയിലാണ്. ശ്രീകണ്ഠാപുരത്തും നിരവധി കുടുംബങ്ങള്‍ ഒറ്റപ്പെട്ടു.

കണ്ണൂരിലെ പറശിനിക്കടവ് അമ്പലത്തിലും വെള്ളം കയറി.

വയനാട്

വയനാട്ടിൽ കനത്ത മഴയെത്തുടർന്ന് ഒരാൾ മരിച്ചു. വയനാട് തോണിച്ചാല്‍ മക്കിയാട് പ്രദേശങ്ങളിലും മണ്ണിടിച്ചിലും വെള്ളപ്പൊക്കവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. താമരശ്ശേരി ചുരത്തില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് റോഡ് തടസപ്പെട്ടു. വയനാട്  ജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടര്‍മാര്‍ ഇന്ന് (വ്യാഴാഴ്ച) അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

കോഴിക്കോട് 

കോഴിക്കോട് മഴ ശക്തമായതിനെത്തുടർന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കോഴിക്കോട് ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ നാല് താലൂക്കുകളില്‍ കണ്‍ട്രോള്‍ റൂമുകൾ തുറന്നു. മാവൂർ പഞ്ചായത്തിലെ 3 വീടുകളിൽ വെള്ളം കയറി. ചാലിയാറും, ചാലിപ്പുഴ കരകവിഞ്ഞൊഴുകുകയാണ്. കോഴിക്കോട് ജില്ലകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു.

മലപ്പുറം 

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മലപ്പുറം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ നാളെ അവധി പ്രഖ്യാപിച്ചു. നിലമ്പൂരിൽ നിരവധി പ്രദേശങ്ങളിൽ വെള്ളം കയറി. ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. നിലമ്പൂര്‍ ടൗണും പരിസരപ്രദേശങ്ങളുമാണ് വെള്ളത്തില്‍ മുങ്ങിയത്. പലയിടത്തും വെള്ളപ്പൊക്കമുണ്ടായതോടെ ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിത്തുടങ്ങിയിട്ടുണ്ട്. നിലമ്പൂർ -വള്ളിക്കടവ് റോഡില്‍ രണ്ടാള്‍പ്പൊക്കത്തിലാണ് വെള്ളമുയര്‍ന്നിരിക്കുന്നത്. പ്രദേശത്തെ വ്യാപാരസ്ഥാനങ്ങളുടെയും കെട്ടിടങ്ങളുടെയും ഒന്നാംനില പൂര്‍ണമായും വെള്ളത്തിനടിയിലാണ്. നെടുങ്കയം, മുണ്ടക്കടവ് കോളനികളില്‍ നൂറിലധികം പേരാണ് കുടുങ്ങികിടന്നത്. കഴിഞ്ഞ വർഷവും ഇതേ ദിവസമാണ് നിലമ്പൂർ വെള്ളത്തിലായത്.

പാലക്കാട്

മഴ ശക്തി പ്രാപിച്ചതിനെത്തുടർന്ന് പാലക്കാട് ജില്ലയിൽ ഓറാഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ് അധികൃതർ. പലയിടങ്ങളിലും ഗതാഗതം  തടസ്സപ്പെട്ട അവസ്ഥയിലാണ്. ചില ഇടങ്ങളിൽ നാശനഷ്‌ടങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജില്ലയിലെ അട്ടപ്പാടിയിലെ അഗളി,ഷോളയൂർ, പുതൂർ പഞ്ചായത്തുകളിലെ ഹയർസെക്കന്ററി വരെയുള്ള വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും ഇന്ന് അവധിയാണ്.

തൃശൂർ 

കനത്ത മഴയുടെ പശ്ചാത്തലത്തിൽ ജില്ലയിൽ  ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട് അധികൃതർ.

എറണാകുളം 

എറണാകുളം ജില്ലയിലും കനത്ത മഴയാണ്. ചിലയിടങ്ങളിൽ വെള്ളം കയറിത്തുടങ്ങി. എറണാകുളം-ആലപ്പുഴ റൂട്ടില്‍ തുറവൂരിനും മാരാരിക്കുളത്തിനും ഇടയില്‍ മരം വീണ് തീവണ്ടി ഗതാഗതം തടസ്സപ്പെട്ടു. ജനശതാബ്ദി, കൊച്ചുവേളി-ബംഗലൂരു എക്സ്പ്രസ് എന്നിവ കോട്ടയം വഴി തിരിച്ചുവിട്ടു.

ഇടുക്കി 

ഇടുക്കിയിലെ ശക്തമായ മഴയെ തുടര്‍ന്ന് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് കളക്ടര്‍ അവധി പ്രഖ്യാപിച്ചു. പലയിടത്തും മണ്ണിടിച്ചിലും നാശനഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ജലനിരപ്പ് ഉയര്‍ന്നതോടെ കല്ലാർകുട്ടി, പാംബ്ല ഡാമുകളുടെ രണ്ടാമത്തെ ഷട്ടർ തുറന്നു അവസ്ഥയിലാണ്. വണ്ടിപ്പെരിയാറില്‍ റോഡില്‍ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. ഭൂതത്താൻ കെട്ട് ഡാമിന്റെ 13 ഷട്ടറുകൾ ഉയർത്തി. പമ്പയിൽ ജലം ക്രമാതീതമായി ഉയർന്നുകൊണ്ടിരിക്കുകാണ്.

ആലപ്പുഴ 

ആലപ്പുഴയിൽ മഴ അതിശക്തമല്ല. എന്നാൽ അതിശക്തമായ കാറ്റാണ് ഇവിടങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ചിലയിടങ്ങളിൽ നാശനഷ്‌ടങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

പത്തനംതിട്ട 

പത്തനംതിട്ടയിൽ 400 കുടുംബങ്ങൾ ഒറ്റപ്പെട്ട അവസ്ഥയിലാണ്. മിക്കയിടങ്ങളിലും ഗതാഗതം മുടങ്ങി.

തിരുവനന്തപുരം 

തിരുവനന്തപുരത്ത് കനത്ത മഴയും കാറ്റും അതിശക്തമാണ്. നിരവധിയിടങ്ങളിൽ മരം കടപുഴകി വീണു. തിരുവനന്തപുരം ചിറയൻകീഴിൽ ശക്തമായ കാറ്റിലും മഴയിലും റെയിൽവേ ഇലക്ട്രിക് ലൈനിൽ മരം പൊട്ടിവീണു. ഇതിനെ തുടർന്ന് തിരുവനന്തപുരം– കൊല്ലം ഭാഗങ്ങളിലെ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. തിരുവനന്തപുരത്ത് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.