‘ട്രാൻസ്’ സെറ്റിൽ പിറന്നാൾ ആഘോഷിച്ച് ഫഹദ്; വീഡിയോ

August 8, 2019

മലയാള സിനിമയുടെ നായകനിരയിൽ ആദ്യ ഭാഗത്തുതന്നെ സ്ഥാനം നേടിയ താരമാണ് ഫഹദ് ഫാസിൽ. ഫഹദ് ചിത്രങ്ങൾ എന്നും പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ്. താരത്തിന്റെ മുപ്പത്തിയേഴാം പിറന്നാളിന്റെ വിശേഷങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത്. ഫഹദിന്റേതായി പുറത്തിറങ്ങാനുള്ള ട്രാൻസ് എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ചാണ് ഇത്തവണ പിറന്നാൾ ആഘോഷിച്ചത്. ട്രാൻസിന്റെ അണിയറ പ്രവർത്തകർക്കും ഭാര്യ നസ്രിയയ്ക്കുമൊപ്പമാണ് പിറന്നാൾ ആഘോഷിച്ചത്.

കുറച്ചു നാളുകളായി പ്രേക്ഷകർ കാത്തിരിക്കുന്ന ഫഹദ് ഫാസിൽ ചിത്രമാണ് ട്രാൻസ്. രണ്ടുവർഷത്തിലധികമായി അനൗൺസ് ചെയ്ത ചിത്രത്തിലെ വിശേഷങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. നാല് ഷെഡ്യൂളുകളിലായി രണ്ട് വർഷത്തിലധികം നീണ്ടുനിന്ന ട്രാൻസ് അടുത്ത ഒരാഴ്ചയ്ക്കുള്ളിൽ ചിത്രീകരണം പൂർത്തിയാകുമെന്നാണ് റിപ്പോർട്ടുകൾ. ചിത്രം ഡിസംബറിൽ തിയേറ്ററുകളിൽ എത്തും.

നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ ഫഹദ് ഫാസിൽ നായകനായെത്തുന്ന അൻവർ റഷീദ് ചിത്രം ‘ട്രാൻസ് തന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായിരിക്കുമെന്ന് ഫഹദ് നേരത്തെ അറിയിച്ചിരുന്നു. ഫഹദ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ജീവിതത്തിലെ വിവിധ ഘട്ടത്തിലൂടെയാണ് കഥ വികസിക്കുന്നത്.

അധികം കൊട്ടിഘോഷങ്ങളില്ലാതെ  എത്തി പ്രേക്ഷക ഹൃദയം കീഴടക്കി പോകുന്ന പതിവാണ് ഫഹദ് ചിത്രങ്ങൾക്കുള്ളത്. അതുപോലെ തന്നെ  ഈ ചിത്രവും കാണികളുടെ കൈയ്യടി വാങ്ങുമെന്നതിൽ സംശയമില്ല.

ഇത്തവണ ചിത്രത്തിൽ ഫഹദിന്റെ വരവിലും സിനിമയുടെ ചിത്രീകരണത്തിലും തികച്ചും വ്യത്യസ്ഥത ഉണ്ടാകുമെന്നും പ്രേക്ഷകർ ഇതുവരെ കാണാത്ത പുതുമയായിരിക്കും ചിത്രത്തെ വ്യത്യസ്ഥമാക്കുന്നതെന്നും താരം വ്യക്തമാക്കിയിരുന്നു.

Read also: ഗർഭകാലത്ത് എടുക്കാം ചില മുൻകരുതലുകൾ

സംവിധായകനായ അമൽ നീരദാണ് ‘ട്രാൻസി’ൽ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. അമൽ നീരദിന്റെ ‘വരത്തനി’ലും നായകനായി എത്തിയത് ഫഹദ് ഫാസിൽ തന്നെയാണ്. അമൽ– ഫഹദ് കൂട്ടുകെട്ടിലൊരുങ്ങിയ ‘ഇയ്യോബിന്റെ പുസ്തക’വും മികച്ച വിജയമായിരുന്നു.