രക്ഷാപ്രവർത്തനത്തിന് ഇറങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

August 12, 2019

കേരളം നേരിട്ട മഹാദുരന്തത്തെ ഒറ്റകെട്ടായി അതിജീവിച്ചുകൊണ്ടിരിക്കുകയാണ് കേരളജനത.. രക്ഷാപ്രവർത്തനങ്ങളും ശുചീകരണ പ്രവർത്തനങ്ങളുമായി നിരവധിയാളുകളാണ് മുന്നോട്ട് വരുന്നത്. ഈ സാഹചര്യത്തിൽ രക്ഷാപ്രവർത്തങ്ങൾക്ക് മുന്നിട്ട് ഇറങ്ങുന്നവരും, വെള്ളപൊക്കത്തിന് ശേഷം വീടുകളിലേക്കും മറ്റുമായി ശുചീകരണ പ്രവർത്തനങ്ങൾക്കായി  ഇറങ്ങുന്നവരും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം…

പകർച്ചവ്യാധികൾ ഉണ്ടാകാതെ  ശ്രദ്ധിക്കുക

ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ ഡെങ്കിപ്പനി, മഞ്ഞപ്പിത്തം, മലേറിയ, ചിക്കുൻ​ഗുനിയ ഇങ്ങനെ നിരവധി അസുഖങ്ങളെ പേടിക്കണം. കെട്ടി നിൽക്കുന്ന വെള്ളത്തിലൂടെ എലിപ്പനിപോലുള്ള രോഗങ്ങൾ വ്യാപിക്കാൻ സാധ്യതയുണ്ട്. ഇത് തടയാൻ ഡോക്സിസൈക്ലിൻ ഗുളിക കഴിക്കേണ്ടതുണ്ട്. ക്ളീനിംഗിനായി ഇറങ്ങുന്നവർ കയ്യിലും കാലിലും ഗ്ലൗസ് ഉപയോഗിക്കുക. പകര്‍ച്ചവ്യാധി ലക്ഷണങ്ങള്‍ അനുഭവപ്പെട്ടാല്‍ ഉടന്‍തന്നെ വൈദ്യസഹായം സ്വീകരിക്കേണ്ടതാണ്.

ഇഴജന്തുക്കളെ ശ്രദ്ധിക്കുക 

പ്രളയ ശേഷം വീടുകളിലേക്ക് കയറുമ്പോൾ അവിടെ ഇഴജന്തുക്കൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്, അതിനാൽ അതീവ ജാഗ്രത പുലർത്തണം. കമ്പ് കൊണ്ടോ ഇരുമ്പ് വടികൾ കൊണ്ടോ വീടിന്റെ മുക്കും മൂലയും പരിശോധിക്കണം. പാമ്പുകൾ അലമാരയിലും തുണികളുടെ ഇടയിലും കയറിയിരിക്കാൻ സാധ്യതയുണ്ട്. അണലികളാണ് കൂടുതലും വീടിനുള്ളിൽ പതിയിരിക്കുന്നത്. വീടുകൾ മുഴുവൻ പരിശോധിച്ച ശേഷം വെള്ളം ചേർത്ത് മണ്ണെണ്ണ വീടിൽ എല്ലായിടത്തും ഒഴിക്കണം. മച്ചുള്ള വീടുകളാണെങ്കിൽ മേൽക്കൂരകളിലും ഇവ തളിക്കണം.

ഭക്ഷണകാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കുക

ഈ ദിവസങ്ങളിൽ കിണറ്റിലെ വെള്ളം മലിനമാണ്. അതുകൊണ്ടുതന്നെ മിനറൽ വാട്ടർ ഉപയോഗിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. അതുപോലെ മിനറൽ വാട്ടർ ലഭ്യമല്ലെങ്കിൽ തിളപ്പിച്ചാറ്റിയ വെള്ളം മാത്രം ഉപയോഗിക്കുക. ശുചിത്വമുള്ള സ്ഥലങ്ങളിൽ ഉണ്ടാക്കിയ ഭക്ഷണം മാത്രം കഴിക്കുക. കൂടുതലായും ഡ്രൈ ഫുഡുകൾ കഴിക്കാൻ ശ്രദ്ധിക്കണം.

ശുചിത്വം കാത്തുസൂക്ഷിക്കുക 

ജലജന്യ രോഗങ്ങള്‍ പകരാനുള്ള സാധ്യത കൂടുതലായതിനാല്‍ കൈകള്‍ സോപ്പുപയോഗിച്ചു വൃത്തിയായി കഴുകുന്നതടക്കമുള്ള ശുചിത്വസംബന്ധമായ കാര്യങ്ങള്‍ പാലിക്കുക. വീടുകളിലും മറ്റും ക്ളോറിൻ ഉപയോഗിച്ച് ക്ളീനിങ് നടത്തുക.

കുഴികളിൽ വീഴാതെ ശ്രദ്ധിക്കുക 

മിക്കയിടങ്ങളിലും വെള്ളം കെട്ടികിടക്കുന്നതിനാൽ പുറത്തിറങ്ങുന്നവർ ശ്രദ്ധിക്കണം.  ചിലപ്പോൾ കുഴികളിൽ വീണ് അപകടം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. പരിചയമില്ലാത്ത ഇടങ്ങളില്‍ ശ്രദ്ധിക്കുക. ഒരു വടി ഉപയോഗിച്ച് മുന്നിലുള്ള തറ നിരപ്പ് ഉറപ്പാക്കി മാത്രം മുന്നോട്ട് നീങ്ങുക.

ഷോക്ക് ഏൽക്കാതെ ശ്രദ്ധിക്കുക

വെള്ളം കെട്ടികിടക്കുന്ന വീടുകളിലേക്കും മറ്റും കയറിച്ചെല്ലുമ്പോൾ ആദ്യം വൈദ്യുതി ഓണാക്കരുത്. പലയിടങ്ങളിലും  ഷോക്ക് ഏൽക്കാൻ സാധ്യതയുണ്ട്. അതിനാൽ കൃത്യമായ നിർദ്ദേശങ്ങൾക്ക് ശേഷം മാത്രം സ്വിച്ച് ഓൺ ചെയ്യുക. അതുപോലെ വൈദ്യതി കമ്പികൾ പലയിടങ്ങളിലും പൊട്ടികിടക്കാൻ സാധ്യതയുള്ളതിനാൽ പ്രത്യേകം ശ്രദ്ധ ചെലുത്തണം. ഇത്തരത്തിൽ വൈദ്യുതിക്കമ്പികൾ പൊട്ടികിടക്കുന്നത് ശ്രദ്ധയിൽപെട്ടാൽ അധികാരികളെ ഉടൻ തന്നെ വിവരമറിയിക്കണം.