ഇന്നസെന്‍റിന്‍റെ ഒരു വര്‍ഷത്തെ എം പി പെന്‍ഷന്‍ ദുരിതാശ്വാസ നിധിയിലേക്ക്

August 14, 2019

മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായ ഹസ്തവുമായി നടനും മുന്‍ എംപിയുമായ ഇന്നസെന്റ്. ഒരു വര്‍ഷത്തെ എം പി പെന്‍ഷന്‍ തുകയായ മൂന്ന് ലക്ഷം രൂപയാണ് ഇന്നസെന്റ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയത്. ഫെയ്‌സ്ബുക്ക് പേജിലൂടെ ഇന്നസെന്റ്തന്നെ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു.

ഇന്നസെന്റിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്‌

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്
ഒരു വർഷത്തെ എം.പി പെൻഷൻ ഞാൻ നൽകുകയാണ്.

മുൻ എം.പിയെന്ന നിലയിൽ ലഭിക്കുന്ന ഒരു വർഷത്തെ പെൻഷൻ തുകയാണ് നൽകിയത്. മൂന്ന് ലക്ഷം രൂപയുടെ ചെക്ക് തൃശൂർ കലക്ടറേറ്റിലെത്തി ജില്ലാ കലക്ടർ എസ്. ഷാനവാസിന് കൈമാറി.
25000 രൂപയാണ് എനിക്ക് ലഭിക്കുന്ന പ്രതിമാസ പെൻഷൻ. ഒരു വർഷത്തെ പെൻഷൻ തുക പൂർണ്ണമായും ദുരിതബാധിതർക്കായി നീക്കി വെക്കുകയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ നടക്കുന്ന നിക്ഷിപ്ത താൽപര്യക്കാരുടെ പ്രചാരണത്തെ ചെറുക്കേണ്ടത് ഓരോ മലയാളിയുടേയും കടമയാണ്.

എം.പി ആയിരിക്കേ, രണ്ട് സന്ദർഭങ്ങളിലായി 6 മാസത്തെ ശമ്പളവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരുന്നു. ഓഖി ദുരന്തകാലത്ത് 2 മാസത്തേയും 2018ലെ പ്രളയകാലത്ത് 4 മാസത്തേയും ശമ്പളമാണ് ഇപ്രകാരം നൽകിയത്. ഒട്ടാകെ 3 ലക്ഷം രൂപ അന്നും സംഭാവനയായി മുഖ്യമന്ത്രിയുടെ നിധിയിലേക്ക് കൈമാറി.

ഇതൊക്കെ വിളിച്ചു പറയുന്നത് ഞാൻ ഇഷ്ടപ്പെടുന്നില്ല. പക്ഷേ എന്നെ ഇഷ്ടപ്പെടുന്ന ഒരാളെങ്കിലും ഇത് ആവർത്തിച്ചാൽ, അത് അതിജീവിക്കുന്ന കേരളത്തിന് എന്തെന്നില്ലാത്ത സഹായമാകും. ഒപ്പം ഈ ദുരിതാശ്വാസനിധിയെക്കുറിച്ച് നിക്ഷിപ്ത താൽപര്യക്കാർ നടത്തുന്ന പ്രചാരണത്തെ നേരിടേണ്ടതുണ്ടെന്നും ഞാൻ കരുതുന്നു.

സി.എം. ഡി.ആർ.എഫ് ഏറ്റവും കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതാണെന്നും ഓരോ മലയാളിയും ഇതിന്റെ ഗുണഭോക്താവാണെന്നും നാം മറന്നു കൂടാ.

കെ.വി.അബ്ദുൾ ഖാദർ എം.എൽ.എയും ചടങ്ങിൽ പങ്കെടുത്തു.