മില്‍മ പാലിന് വില വര്‍ധിപ്പിക്കാന്‍ തീരുമാനം

September 6, 2019

സംസ്ഥാനത്ത് മില്‍മ പാലിന് വില വര്‍ധിപ്പിക്കുന്നു. മില്‍മയുടെ എല്ലാ ഇനം പാലുകള്‍ക്കും ലിറ്ററിന് നാല് രൂപ വീതം കൂട്ടാനാണ് തീരുമാനമായിരിക്കന്നത്. സംസ്ഥാന ക്ഷീര വകുപ്പ് മന്ത്രി കെ രാജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

അഞ്ചു മുതല്‍ ഏഴ് വരെ വില വര്‍ധിപ്പിക്കണം എന്നായിരുന്നു മില്‍മ ആവശ്യപ്പെട്ടത്. എന്നാല്‍ ഈ ആവശ്യം തള്ളി, നാല് രൂപ വര്‍ധിപ്പിച്ചാല്‍ മതിയെന്ന നിഗമനത്തിലെത്തുകയായിരുന്നു സര്‍ക്കാര്‍. ഈ മാസം 21 മുതല്‍ വില വര്‍ധനവ് പ്രാബല്യത്തില്‍ വരും.

അതേസമയം വില വര്‍ധന ക്ഷീര കര്‍ഷകര്‍ക്ക് ഗുണം ചെയ്യും. കൂട്ടുന്ന വിലയില്‍ 83.75 ശതമാനവും കര്‍ഷകര്‍ക്ക് ലഭിയ്ക്കും. ഇതുപ്രകാരം 3 രൂപ 35 പൈസ ക്ഷീര കര്‍ഷകര്‍ക്ക് അധികമായി ലഭിയ്ക്കും. കൂട്ടുന്ന വിലയുടെ 80 ശതമാനം കര്‍ഷകര്‍ക്ക് നല്‍കാം എന്നായിരുന്നു മില്‍മ പറഞ്ഞിരുന്നത്. എന്നാല്‍ അതിനേക്കാള്‍ കൂടുതല്‍ നല്‍കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്നാണ് 83.75 ശതമാനം നല്‍കാന്‍ തീരുമാനമായത്.