ജയലളിതയുടെ ജീവിതം പറയാൻ ‘ക്വീൻ’; എംജിആർ ആയി ഇന്ദ്രജിത്ത് സുകുമാരൻ

അന്തരിച്ച മുൻ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം വീണ്ടും വെള്ളിത്തിരയിലേക്ക്. ഗൗതം വാസുദേവ് മേനോൻ ഒരുക്കുന്ന വെബ്‌സീരിസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ചിത്രത്തിൽ എം ജി ആർ ആയി വേഷമിടുന്നത് ഇന്ദ്രജിത്ത് സുകുമാരനാണ്. 22 വർഷങ്ങൾക്ക് മുമ്പ് മണിരത്‌നം സംവിധാനം നിർവ്വഹിച്ച ഇരുവറിൽ മോഹൻലാൽ എം ജി ആറായി വേഷമിട്ടിരിന്നു. വർഷങ്ങൾക്ക് ശേഷം വീണ്ടും ഒരു മലയാളി വെള്ളിത്തിരയിൽ എം ജി ആറായി വേഷമിടുന്നതിന്റെ ആവേശത്തിലാണ് ആരാധകർ.

നേരത്തെ ജയലളിതയുടെ ബയോപിക് ചെയ്യാൻ തയാറായി എ എല്‍ വിജയ്, പ്രിയ ദര്‍ശിനി, ഭാരതി രാജ എന്നീ സംവിധായകർ ഒരുങ്ങുന്നുവെന്ന വാർത്ത വന്നിരുന്നു. അതിന് പിന്നാലെയാണ് ജയലളിതയുടെ ബയോപിക്കുമായി ഗൗതം മേനോനും എത്തുന്നുവെന്ന വാർത്ത എത്തിയത്.

ഗൗതം മേനോൻ ഒരുക്കുന്ന ചിത്രത്തിൽ ജയലളിതയായി രമ്യ കൃഷ്ണൻ എത്തുമെന്നാണ് ലഭിക്കുന്ന വിവരം. വെള്ളിത്തിരയിൽ ഏറെ വിസ്മയങ്ങൾ സൃഷ്‌ടിച്ച രമ്യ കൃഷ്ണയും, മലയാളത്തിന് നിരവധി മികച്ച കഥാപാത്രങ്ങളെ സമ്മാനിച്ച ഇന്ദ്രജിത്തും ഒന്നിക്കുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. അതേസമയം രമ്യ കൃഷ്ണ, ഗൗതം മേനോൻ കൂട്ടുകെട്ട് നിരവധി സൂപ്പർ ഹിറ്റുകൾക്ക് ജന്മം നൽകിയതാണ്. അതിനാൽ ഈ ചിത്രവും മറ്റൊരു സൂപ്പർ ഹിറ്റാകുമെന്ന പ്രതീക്ഷയിലാണ് സിനിമ ലോകം.

Read also: ആരാധകരുടെ കാത്തിരിപ്പിനൊടുവിൽ സ്റ്റീഫൻ നെടുമ്പള്ളിയായ് അവൻ അവതരിച്ചു..

അതേസമയം പ്രിയ ദര്‍ശിനിയുടെ സംവിധാനത്തില്‍ നിത്യാ മേനോന്‍ മുഖ്യ വേഷത്തിലെത്തുന്ന ജയലളിതയുടെ ജീവിതകഥ പറയുന്ന ‘ദി അയേണ്‍ ലേഡി’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തു വന്നിരുന്നു. ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കുമെന്നാണ്  പുറത്തുവരുന്ന റിപ്പോർട്ടുകൾ. പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിലെ നിത്യ മേനോന്റെ ജയലളിതയുമായുള്ള രൂപ സാദൃശ്യം സിനിമ ലോകത്ത് നിരവധി ചർച്ചകൾക്ക് വേദിയൊരുക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *