റോഡിലൂടെ വാഹനമോടിച്ച് എട്ട് വയസുകാരൻ; പിതാവിനെതിരെ നടപടിയെടുത്ത് പൊലീസ്, വീഡിയോ

October 1, 2019

നിരത്തിലിറങ്ങിയാൽ നിറയെ വാഹനങ്ങളാണ്…വാഹനാപകടങ്ങളുടെ കണക്കുകളും ദിനംപ്രതി വർധിച്ചുവരികയാണ്. അതുകൊണ്ടുതന്നെ റോഡപകടങ്ങൾ കുറയ്ക്കുന്നതിനായി കർശനമായ നടപടികളുമായി പൊലീസ് എപ്പോഴും രംഗത്തുണ്ട്. ഇത്തരത്തില്‍ പ്രത്യക്ഷപ്പെട്ട ഒരു വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം.

റോഡിലൂടെ ബൈക്ക് ഓടിക്കുന്ന ഷാനുഎന്ന എട്ട് വയസുകാരന്റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. ഉത്തർപ്രദേശിലെ ലക്‌നൗവിലാണ് സംഭവം. വീഡിയോ വൈറലായതോടെ ഇത് പോലീസിന്റെയും ശ്രദ്ധയില്‍പ്പെട്ടു. ഇതോടെ കുട്ടിയുടെ പിതാവിനെതിരെ കർശനമായ നടപടികൾ സ്വീകരിച്ചിരിക്കുകയാണ് പൊലീസ്. നിലവിൽ പതിനെട്ട് വയസ് പൂർത്തിയായവർക്ക് മാത്രമേ വാഹനം ഓടിക്കുന്നതിനുള്ള ലൈസൻസ് ലഭ്യമാകുകയുള്ളു. ഈ സാഹചര്യത്തിലാണ് എട്ട് വയസ് മാത്രം പ്രായമുള്ള കുട്ടി തനിയെ ബൈക്ക് ഓടിച്ചിരിക്കുന്നത്. പ്രായപൂര്‍ത്തിയാകാതെ വാഹനം ഓടിക്കാൻ നൽകിയതിനും, ലൈസന്‍സ് ഇല്ലാത്തതും കണക്കിലെടുത്താണ് പിതാവിനെതിരെ പൊലീസ് നടപടി സ്വീകരിച്ചിരിക്കുന്നത്.

അതേസമയം ഇത്ര ചെറിയ കുട്ടിക്ക് വാഹനം ഓടിക്കാൻ നൽകിയ പിതാവിനെതിരെ ശക്തമായ വിമർശങ്ങളും സോഷ്യൽ മീഡിയയിൽ വരുന്നുണ്ട്.