ഭാസിപ്പിള്ളയായി ഷൈന്‍ ടോം ചാക്കോ ‘കുറുപ്പ്’- ല്‍; കാരക്ടര്‍ പോസ്റ്റര്‍

October 9, 2019

മലയാളികളുടെ പ്രിയതാരം ദുല്‍ഖര്‍ സല്‍മാന്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് കുറുപ്പ്. കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതകഥ പ്രമേയമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോയും പ്രധാന കഥാപാത്രമായെത്തുന്നു.  ഷൈന്‍ അവതരിപ്പിക്കന്ന ഭാസിപ്പിള്ള എന്ന കഥാപാത്രത്തിന്റെ കാരക്ടര്‍ പോസ്റ്ററും ദുല്‍ഖര്‍ സല്‍മാന്‍ പങ്കുവച്ചു.

ശ്രീനാഥ് രാജേന്ദ്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ദുല്‍ഖറും ശ്രീനാഥ് രാജേന്ദ്രനും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. ജിതിന്‍ കെ ജോസിന്റെ കഥയ്ക്ക് ഡാനിയേല്‍ സായൂജ് നായരും കെ എസ് അരവിന്ദും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെയറര്‍ ഫിലിംസ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. അതേസമയം ‘നമുക്കുള്ളതില്‍ വച്ച് ഏറ്റവും മികച്ച അഭിനേതാക്കളില്‍ ഒരാള്‍’ എന്നു കുറിച്ചുകൊണ്ടാണ് ഷൈന്‍ ടോം ചാക്കോയുടെ കാരക്ടര്‍ പോസ്റ്റര്‍ ദുല്‍ഖര്‍ സല്‍മാന്‍ പങ്കുവച്ചത്.

Read more:“ആകെ മൊത്തം പൊല്ലാപ്പായല്ലോ…” ആദിക്ക് വേണ്ടി ദുല്‍ഖറിന്‍റെ സര്‍ബത്ത് പാട്ട്: വീഡിയോ

ചാക്കോ എന്ന ചലച്ചിത്ര വിതരണക്കാരനെ സുകുമാരക്കുറുപ്പ് വളരെ ആസൂത്രിതമായി കൊലപ്പെടുത്തിയ ശേഷം ശവശരീരം ചുട്ടുകരിച്ചു. താനാണ് മരിച്ചതെന്ന് തെറ്റിദ്ധരിപ്പിച്ച് ഇയാള്‍ ജോലി ചെയ്തിരുന്ന കമ്പനിയില്‍ നിന്ന് ഇന്‍ഷൂറന്‍സ് തുക തട്ടിയെടുക്കുക എന്നതായിരുന്നു ലക്ഷ്യം. പിന്നീട് പിടികിട്ടാപ്പുള്ളിയായി മുദ്രകുത്തിയ സുകുമാരക്കുറുപ്പിന്റെ ജീവിതം മുമ്പും പലരും സിനിമയാക്കിയിട്ടുണ്ട്. എന്നാല്‍ അതില്‍ നിന്നെല്ലാം തികച്ചും വ്യത്യസ്തമായിരിക്കും ഈ ചിത്രമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചത്.