വിജയ് നായകനായ ‘ബിഗില്‍’ കേരളത്തിലെത്തിക്കാന്‍ പൃഥ്വിരാജും ലിസ്റ്റിന്‍ സ്റ്റീഫനും

October 12, 2019

വിജയ് നായകനായെത്തുന്ന ബിഗില്‍ എന്ന ചിത്രത്തിന്റെ കേരള വിതരണാവകാശം സ്വന്തമാക്കിയിരിക്കുകയാണ് പൃഥ്വിരാജ് പ്രൊഡക്ഷനും ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും. ദിപാവലിയോട് അനുബന്ധിച്ച് ചിത്രം തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. തമിഴകത്ത് മാത്രമല്ല കേരളക്കരയിലും വിജയ്ക്ക് ആരാധകര്‍ ഏറെയാണ്. വിജയ് കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രങ്ങള്‍ക്ക് മികച്ച പ്രതികരണമാണ് കേരളത്തില്‍ നിന്നും ലഭിയ്ക്കാറുള്ളതും.

ബിഗില്‍ എന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത് അറ്റ്‌ലിയാണ്. നയന്‍ താരയും ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. ‘തെറി’, ‘മെര്‍സല്‍’ എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം അറ്റ്‌ലി -വിജയ് ടീം ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ബിഗില്‍ എന്ന സിനിമയ്ക്കുണ്ട്. തികച്ചും വിത്യസ്തങ്ങളായ രണ്ട് ഗെറ്റപ്പുകളിലാണ് വിജയ് ചിത്രത്തിലെത്തുന്നത്. സംഗീത മാന്ത്രികന്‍ എആര്‍ റഹ്മാനാണ് ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കുന്നത്.

Read more:വാര്‍ത്ത അവതരണത്തിനിടെ അമ്മയ്ക്കരികിലേക്ക് ഓടിയെത്തി മകന്‍; പിന്നെ കുഞ്ഞുകുസൃതികള്‍; ചിരിയുണര്‍ത്തി ഈ ‘ബ്രേക്കിങ് ന്യൂസ്’

സ്‌പോര്‍ട്‌സ് പശ്ചാത്തലമാക്കി ഒരുക്കുന്ന ചിത്രമാണ് ബിഗില്‍. ഇത് ശരിവയ്ക്കുന്നതാണ് ചിത്രത്തിന്റേതായി പുറത്തിറങ്ങുന്ന പോസ്റ്ററുകളും. ജേഴ്‌സി അണിഞ്ഞ് ഫുട്‌ബോളുമായി നില്‍ക്കുന്നതാണ് ചിത്രത്തിനുവേണ്ടിയുള്ള വിജയ്‌യുടെ ഒരു ലുക്ക്. ചിത്രത്തില്‍ വിജയ്‌യുടെ ഒരു കഥാപാത്രം ഫുട്‌ബോള്‍ പരിശീലകന്റേതാണ്. മുണ്ടും ഷര്‍ട്ടുമണിഞ്ഞ് കലിപ്പ് ഭാവമാണ് താരത്തിന്റെ മറ്റൊരു ലുക്ക്. ഈ കഥാപാത്രത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. അതുകൊണ്ടുതന്നെ പ്രേക്ഷകന്റെ ഉള്ളില്‍ ആകാംഷ ഉണര്‍ത്തുന്നു വിജയ്‌യുടെ ഈ കലിപ്പ് ലുക്ക്.

എജിഎസ് എന്റര്‍ടെയ്ന്‍മെന്റ്‌സാണ് ചിത്രത്തിന്റെ നിര്‍മ്മാണം. യോഗി ബാബു, ബാലാജി, റെബ മോണിക്ക ജോണ്‍, വിവേക്, കതിര്‍ എന്നിവര്‍ ഉള്‍പ്പെടെ നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.