സെഞ്ചുറി മികവില്‍ രോഹിത്, മികച്ച ബാറ്റിങുമായി രഹാനെ; ടീം ഇന്ത്യ കരകയറുന്നു

October 19, 2019

ദക്ഷിണാഫ്രിക്ക- ഇന്ത്യ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ അവസാന മത്സരത്തിന്റെ തുടക്കത്തില്‍ കാലിടറിയെങ്കിലും സെഞ്ചുറി പിന്നിട്ട രോഹിത് ശര്‍മ്മയുടെ കരുത്ത് ഇന്ത്യയെ കരകയറ്റുന്നു. ഒപ്പം അര്‍ധ സെഞ്ചുറി പിന്നിട്ട അജിങ്ക്യ രഹാനെയും വിജയപ്രതീക്ഷ പകരുന്നുണ്ട് ടീമിന്.

അവസാന അങ്കത്തില്‍ പാളിച്ചകളോടെയായിരുന്നു ഇന്ത്യയുടെ തുടക്കം. 50 റണ്‍സ് എടുക്കുന്നതിന് മുമ്പേ ഇന്ത്യയ്ക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടപ്പെട്ടിരുന്നു. ഉച്ച ഭക്ഷണത്തിന് പിരിയുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 71 റണ്‍സ് എന്ന നിലയിലായിരുന്നു ഇന്ത്യ. രോഹിത് ശര്‍മ്മയുടെയും രഹാനെയുടെയും ബാറ്റിങ് കൂടുതല്‍ പ്രതീക്ഷ പകരുന്നുണ്ട്. നിലവില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 219 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ.

കഴിഞ്ഞ രണ്ട് മത്സരങ്ങളിലും മിന്നും പ്രകടനം കാഴ്ചവെച്ച മായങ്ക് അഗര്‍വാളിനെയാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. പിന്നാലെ പൂജാരയും കളം വിട്ടു. നായകന്‍ വിരാട് കോഹ്ലിക്കും ഇന്ന് ബാറ്റിങ്ങില്‍ തിളങ്ങാനായില്ല.

റാഞ്ചിയിലെ ജെഎസ്‌സിഎ രാജ്യാന്തര സ്റ്റേഡിയത്തിലാണ് മൂന്നാം അങ്കം. ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കകയായിരുന്നു. അതേസമയം ഇന്ത്യ ദക്ഷിണാഫ്രിക്ക പരമ്പരയില്‍ മൂന്ന് തവണയും ടോസ് നേടിയത് ഇന്ത്യ തന്നെയാണ്. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി മൂന്ന് തവണ തെരഞ്ഞെടുത്തത് ബാറ്റിങും. രണ്ട് തവണയും ബാറ്റിങ്ങില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ ഇന്ത്യന്‍ ടീമിന് സാധിച്ചിരുന്നു.

എന്നാല്‍ ബൗളിങ്ങില്‍ മറ്റൊരു മാറ്റവുമായാണ് ഇന്ത്യ കളത്തിലിറങ്ങിയിരിക്കുന്നത്. ഫാസ്റ്റ് ബോളര്‍ ഇഷാന്ത് ശര്‍മ്മ മൂന്നാം ടെസ്റ്റില്‍ കളിക്കുന്നില്ല. പകരം സ്പിന്നര്‍ ഷഹബാസ് നദീം കളത്തിലിറങ്ങുന്നു. നദീമിന്റെ ആദ്യ ടെസ്റ്റ് മത്സരം കൂടിയാണ് ഇത്.

മൂന്ന് മത്സരങ്ങളടങ്ങുന്ന പരമ്പരയില്‍ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ഇന്ത്യ ഇതിനോടകംതന്നെ പരമ്പര സ്വന്തമാക്കിക്കഴിഞ്ഞു. മൂന്നാമത്തെ മത്സരം ജയിക്കാനായാല്‍ ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ 120 പോയിന്റ് സ്വന്തമാക്കാനും ഇന്ത്യന്‍ ടീമിനു സാധിക്കും.