യാത്ര ഇഷ്ടപ്പെടുന്നവര്‍ക്ക് വേറിട്ട അനുഭവം സമ്മാനിച്ച് ഡ്രീം വാക്കര്‍: വീഡിയോ

October 4, 2019

യാത്രയെ ഇഷ്ടപ്പെടാത്തവര്‍ വിരളമാണ്. ഭാഷയുടെയും ദേശത്തിന്റെയുമെല്ലാം അതിര്‍വരമ്പുകള്‍ ഭേദിച്ച് പലരും പുതിയ ഇടങ്ങളിലേയ്ക്ക് യാത്ര ചെയ്യാറുണ്ട്. യാത്രയെ ഇഷ്ടപ്പെടുന്നവര്‍ക്കും യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്കും വിത്യസ്ത അനുഭവങ്ങള്‍ സമ്മാനിച്ചുകൊണ്ട് യാത്രാ വിവരണങ്ങളും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാറുണ്ട്.

യാത്ര ഇഷ്ടപ്പെടുന്നവര്‍ക്കു ആസ്വാദനത്തിന്റെ തികച്ചും വിത്യസ്തമായ അനുഭവം സമ്മാനിക്കുകയാണ് ഡ്രീം വാക്കര്‍. ഇരിങ്ങോള്‍ കാവിനെക്കുറിച്ച് തയാറാക്കിയിരിക്കുന്ന മ്യൂസിക്കല്‍ സഞ്ചാര വീഡിയോയാണ് ശ്രദ്ധ ആകര്‍ഷിക്കുന്നത്. യാത്രയുടെ ഭംഗിയും ഇരിങ്ങോള്‍ കാവിന്റെ സൗന്ദര്യവുമെല്ലാം അതിമനോഹരമായി ഇഴചേര്‍ത്താണ് ഈ വീഡിയോ ഒരുക്കിയിരിക്കുന്നത്.

കേരളത്തിലെ കുന്നത്തുനാട് താലൂക്കില്‍ പെരുമ്പാവൂരില്‍ നിന്നും അഞ്ചു കിലോമീറ്റര്‍ ദൂരെ സ്ഥിതിചെയ്യുന്ന ഒരു കാവാണ് ഇരിങ്ങോള്‍ കാവ്. കേരളത്തിലെ 108 ദുര്‍ഗ്ഗാക്ഷേത്രങ്ങളില്‍ ഒന്നായ ഇരിങ്ങോള്‍ കാവ് പരശുരാമന്‍ നിര്‍മ്മിച്ചതാണെന്ന ഐതിഹ്യം ഇന്നും നിലനില്‍ക്കുന്നുണ്ട്. ദൃശ്യഭംഗിയിലും ഈ കാവ് ഏറെ മികച്ചു നില്‍ക്കുന്നു. കാവിന്റെ പൈതൃകവും പാരമ്പര്യവുമെല്ലാം ഈ മ്യൂസിക്കല്‍ സഞ്ചാര വീഡിയോയില്‍ പ്രതിഫലിയ്ക്കുന്നുണ്ട്.

അഖില്‍ കൃഷ്ണയാണ് ഈ മ്യൂസിക്കല്‍ സഞ്ചാര വീഡിയോയുടെ സംവിധാനവും ഛായാഗ്രഹണവും നിര്‍വ്വഹിച്ചിരിക്കുന്നത്. അമല്‍ പുരുഷോത്തമന്‍ ആണ് ചിത്രസംയോജനം.