അർജന്റീനയ്ക്കും യുറഗ്വായ്ക്കും സമനില; അർജന്റീനയ്ക്ക് അവസാന നിമിഷം രക്ഷകനായത് മെസ്സി

November 19, 2019

ഇസ്രായേലിൽ നടന്ന അന്താരാഷ്ട്ര സൗഹൃദമത്സരത്തിൽ  അർജന്റീനയുടെ അവസാന നിമിഷത്തിൽ രക്ഷകനായി ലയണല്‍ മെസ്സി. ഇതോടെ കളി സമനിലയിൽ പിരിഞ്ഞു. യുറഗ്വായ്‌ക്കെതിരെയുള്ള മത്സരത്തിൽ അർജന്റീന പരാജയമുറപ്പിച്ചിരിക്കുമ്പോഴാണ് മെസ്സി രക്ഷകനായി പ്രത്യക്ഷപ്പെട്ടത്. ഫൈനൽ വിസിലിനു തൊട്ടു മുൻപ് പെനാലിറ്റിയിലൂടെ ആയിരുന്നു മെസ്സിയുടെ ഭാഗ്യഗോൾ. ഇതോടെ മത്സരം 2 -2 ന് അവസാനിച്ചു.

34-ാം മിനിറ്റിൽ യുറഗ്വായുടെ എഡിൻസൻ കവാനിയിലൂടെ ആദ്യ ലീഡ് നേടി. കവാനിയുടെ അൻപതാം അന്താരാഷ്‌ട്ര ഗോളായിരുന്നു ഇത്. പൗളോ ഡിബാലയിലൂടെ ആദ്യ പകുതിയിൽ തന്നെ സമനില പിടിക്കാനുള്ള അർജന്റീനയുടെ ശ്രമം റഫറി ഹാൻഡ് ബോൾ വിളിച്ചതോടെ വിഫലമാകുകയായിരുന്നു. പിന്നീട് 63-ാം മിനിറ്റിൽ സെർജിയോ അഗ്യൂറോയിലൂടെയായിരുന്നു അർജന്റീന സമനില നേടിയത്. എന്നാൽ അധികം താമസിയാതെ 69-ാം മിനിറ്റിൽ ലൂയിസ് സുവാർസിന്റെ തകർപ്പൻ ഫ്രീകിക്കിലൂടെ യുറഗ്വായ് ലീഡ് നിലനിർത്തി.

Read More:പ്രാർത്ഥനയാണെങ്കിലും എന്തെല്ലാം ഭാവങ്ങളാണ് നിമിഷ നേരം കൊണ്ട് മുഖത്ത് മിന്നി മായുന്നത്; സമൂഹമാധ്യമങ്ങളിൽ തരംഗമായി കൊച്ചുമിടുക്കിയുടെ വീഡിയോ

അധിക സമയത്തിന്റെ രണ്ടാം മിനിറ്റിലായിരുന്നു മെസ്സിയുടെ ഗോൾ. ബോക്സിൽ വെച്ച് മാർട്ടിൻ കസിൻസ് പന്ത് കൈകൊണ്ട് തടഞ്ഞതോടെയാണ് മെസ്സിക്ക് പെനാൽറ്റി ലഭിച്ചത്. ഈ ഗോൾ പിന്നീട് ഇരുടീമുകളെയും സമനിലയിൽ നിലനിർത്തി.