ചിത്രീകരണത്തിനിടെ നടന്‍ ബിജു മേനോന് പൊള്ളലേറ്റു

November 20, 2019

സിനിമാ ഷൂട്ടിങ്ങിനിടെ നടന്‍ ബിജു മേനോന് പൊള്ളലേറ്റു. പൃഥ്വിരാജ് കേന്ദ്ര കഥാപാത്രമായെത്തുന്ന ‘അയ്യപ്പനും കോശിയും’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് താരത്തിന് പൊള്ളലേറ്റത്. ലൊക്കേഷനില്‍ വാഹനം കത്തിക്കുന്ന ഒരു രംഗം ചിത്രീകരിക്കുകയായിരുന്നു. ഇതിനിടെയാണ് താരത്തിന്റെ കൈക്കും കാലിനും പൊള്ളലേറ്റത്. അട്ടപ്പാടി കോട്ടത്തറയാണ് ഷൂട്ടിങ് ലൊക്കേഷന്‍. പരിക്കേറ്റ ഉടന്‍തന്നെ താരത്തിന് വൈദ്യ സഹായം ലഭ്യമാക്കി.

വെള്ളിത്തിരയില്‍ അഭിനയംകൊണ്ട് വസന്തം തീര്‍ക്കുന്ന താരങ്ങളാണ് പൃഥ്വിരാജ് സുകുമാരനും ബിജു മേനോനും. ഇരുവരും ഒരുമിച്ചെത്തുന്ന പുതിയ ചിത്രമാണ് ‘അയ്യപ്പനും കോശിയും’. സച്ചിയാണ് സിനിമയുടെ സംവിധാനം നിര്‍വഹിക്കുന്നത്. സംവിധായകന്‍ രഞ്ജിത്ത് ചിത്രത്തില്‍ പൃഥ്വിരാജിന്റെ അച്ഛന്‍ കഥാപാത്രമായെത്തുന്നു.

Read more:‘നക്ഷത്രം മിന്നിത്തുടങ്ങി…’, ഹരിശങ്കറിന്റെ ആലാപനത്തിൽ ഒരു മനോഹരഗാനം; വീഡിയോ

അട്ടപ്പാടിയിലെ സബ് ഇന്‍സ്‌പെക്ടര്‍ അയ്യപ്പനായാണ് ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തില്‍ ബിജു മേനോന്‍ എത്തുന്നത്. പട്ടാളത്തില്‍ 16 വര്‍ഷത്തെ സര്‍വീസിന് ശേഷം നാട്ടിലെത്തിയ ഹവീല്‍ദാര്‍ കോശിയായ് പൃഥ്വിരാജും ചിത്രത്തിലെത്തുന്നു. അതേസമയം തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടിയ ‘അനാര്‍ക്കലി’ എന്ന ചിത്രത്തിന് ശേഷം സച്ചി- ബിജു മേനോന്‍ -പൃഥ്വിരാജ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രം എന്ന പ്രത്യേകതയും ‘അയ്യപ്പനും കോശിയും’ എന്ന സിനിമയ്ക്കുണ്ട്.