കിടിലന്‍ താളത്തില്‍ ജിമ്മി ഈ വീടിന്റെ ഐശ്വര്യത്തിലെ ഗാനം

November 21, 2019

വ്യത്യസ്തമായ അവതരണശൈലിയിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ മിഥുന്‍ രമേഷ് നായക കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘ജിമ്മി ഈ വീടിന്റെ ഐശ്വര്യം’. ചിത്രത്തിലെ മനോഹരമായ ഒരു വീഡിയോ ഗാനം പുറത്തെത്തിയിരിക്കുകയാണ്. ‘കണ്ണാളേ കണ്‍മണിയെ നീയെനിക്ക് കണ്ണല്ലേ പൊന്നല്ലേടി…’ എന്ന് ആരംഭിക്കുന്ന ഗാനമാണ് പുറത്തെത്തിയിരിക്കുന്നത്. മനോഹരമായ താളംതന്നെയാണ് ഗാനത്തിന്റെ മുഖ്യ ആകര്‍ഷണം.

നാടന്‍പാട്ട് ശൈലിയിലുള്ളതാണ് ഈ ഗാനം. സന്തോഷ് വര്‍മ്മയുടേതാണ് ഗാനത്തിലെ വരികള്‍. എം ജയചന്ദ്രന്‍ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നു. വിജയ് യേശുദാസും ഉണ്ണി ഇളയരാജയും ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ദുബായിലെ ബാച്ചിലേഴ്‌സ് ലൈഫിന്റെ ആഘോഷവും ആഹ്ലാദവുമെല്ലാം ഈ ഗാനരംഗത്ത് പ്രത്യക്ഷമാകുന്നുണ്ട്.

Read more:ആസിഫ് അലി നായകനായി ‘കെട്ട്യോളാണ് എന്റെ മാലാഖ’; നാളെ മുതല്‍ തിയേറ്ററുകളിലേക്ക്

‘ശിക്കാരി ശംഭു’ എന്ന ചിത്രത്തിന്റെ എഴുത്തുകാരില്‍ ഒരാളായ രാജു ചന്ദ്രയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. രാജു ചന്ദ്രയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും. ‘ഊഴം’ എന്ന സിനിമയിലൂടെ ശ്രദ്ധേയമായ ദിവ്യ പിള്ളയാണ് ചിത്രത്തില്‍ നായിക കഥാപാത്രമായെത്തുന്നത്. അതേസമയം ജിമ്മി എന്നു പേരുള്ള ഒരു നായയും ചിത്രത്തില്‍ എത്തുന്നുണ്ട്. പൂര്‍ണ്ണമായും ദുബായിലാണ് സിനിമയുടെ ചിത്രീകരണം.

ഗോള്‍ഡന്‍ എസ് പിക്‌ചേഴ്‌സിന്റെ ബാനറില്‍ സിനോ ജോണ്‍ തോമസ്, ശ്യാം കുമാര്‍ എസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം നിര്‍വഹിക്കുന്നത്. സുരാജ് വെഞ്ഞാറമൂട്, ഹരീഷ് കണാരന്‍, ജോയ് മാത്യു, ഇടവേള ബാബു, ജോണി ആന്റണി, നിര്‍മല്‍ പാലാഴി, സുനില്‍ സുഗത, ശശി കലിംഗ, സുബീഷ് സുധി, നിസാം കാലിക്കറ്റ്, ശ്രീജ രവി, വീണ നായര്‍, നിഷ മാത്യു തുടങ്ങിയവരും ചിത്രത്തില്‍ കഥാപാത്രങ്ങളായെത്തുന്നുണ്ട്.