ബിജു മേനോന്റെ ‘മാട്ടി’ ഒരുങ്ങുന്നു

November 25, 2019

മലയാളികളുടെ പ്രിയനടൻ ബിജു മേനോൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘മാട്ടി’. ഡോമിൻ ഡിസിൽവ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നതും ഡോമിൻ തന്നെയാണ്. ഇമ്മാനുവല്‍ ജോസഫ്, അജിത്ത് തലപ്പിള്ളി എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

‘പൈപ്പിൻ ചുവട്ടിലെ പ്രണയം’ എന്ന ചിത്രത്തിന് ശേഷം ഡോമിൻ ഡിസിൽവ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മാട്ടി’. നീരജ് മാധവിനെ നായകനാക്കി ഒരുക്കിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്.

അതേസമയം ബിജു മേനോന്റേതായി അവസാനം വെള്ളിത്തിരയിൽ എത്തിയ ചിത്രം ‘നാല്പത്തിയൊന്ന്’ ആണ്. ലാല്‍ ജോസ് സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ബിജു മേനോനും നിമിഷ സജയനുമാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ലാല്‍ ജോസിന്റെ ഇരുപത്തിയഞ്ചാമത്തെ ചിത്രമാണ് ‘നാല്‍പത്തിയൊന്ന്’. കണ്ണൂര്‍ ജില്ലയുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയത്. കേരളം ഞെട്ടലോടെ കേട്ട ഒരു യഥാര്‍ത്ഥ സംഭവം പ്രമേയമാക്കിയാണ് ചിത്രം. കണ്ണൂരില്‍ നിന്ന് തുടങ്ങി ഒരു തെക്കന്‍ ജില്ലയിലേക്കുളള സഞ്ചാരമാണ് ചിത്രത്തിന്റെ ഇതിവൃത്തം. നവാഗതനായ പി ജി പ്രഗീഷ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Read also: ചാമ്പ്യനൊപ്പം പഞ്ചഗുസ്തി മത്സരം നടത്തി മമ്മൂട്ടി; രസകരം ഈ വീഡിയോ 

ബിജു മേനോനും പൃഥ്വിരാജും ഒന്നിക്കുന്ന ‘അയ്യപ്പനും കോശിയും’ എന്ന ചിത്രവും അണിയറയിൽ ഒരുങ്ങുന്നുണ്ട്. ചിത്രം സംവിധാനം ചെയ്യുന്നത് സച്ചിയാണ്. അട്ടപ്പാടിയിലെ സബ് ഇൻസ്‌പെക്ടർ അയ്യപ്പനായാണ് ചിത്രത്തിൽ ബിജു മേനോൻ എത്തുന്നത്. പട്ടാളത്തില്‍ 16 വര്‍ഷത്തെ സര്‍വീസിന് ശേഷം നാട്ടിലെത്തിയ ഹവീല്‍ദാര്‍ കോശിയായാണ് പൃഥ്വി ചിത്രത്തിൽ വേഷമിടുന്നത്.