ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ട്വന്റിട്വന്റി: ടിക്കറ്റ് വില്‍പന ഇന്നു മുതല്‍

November 27, 2019

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ട്വന്റിട്വന്റി ക്രിക്കറ്റ് മത്സരത്തിന്റെ ടിക്കറ്റുകള്‍ ഓണ്‍ലൈനായി ഇന്നു മുതല്‍ ലഭ്യമാകും. ഡിസംബര്‍ എട്ടിനാണ് മത്സരം. ഓണ്‍ലൈനായി ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുവേണ്ടിയുള്ള ലിങ്ക് കെസിഎയുടെ വെബ്‌സൈറ്റില്‍ ലഭ്യമാണ്. പേടിഎം ആണ് ടിക്കറ്റ് പാര്‍ട്ണര്‍. പേടിഎം ആപ്പ്, പേടിഎം ഇന്‍സൈഡര്‍, പേടിഎം വെബ്‌സൈറ്റ് എന്നിവ വഴി ടിക്കറ്റുകള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാന്‍ സാധിക്കും.

ഒരാള്‍ക്ക് ഒരു ഇമെയില്‍ ഐഡിയില്‍ നിന്നും ഒരു മൊബൈല്‍ നമ്പറില്‍ നിന്നും പരമാവധി ആറ് ടിക്കറ്റുകള്‍ വരെയാണ് ബുക്ക് ചെയ്യാന്‍ സാധിക്കുക. 5000 രൂപയാണ് (ഭക്ഷണം ഉള്‍പ്പെടെ) എക്‌സിക്യൂട്ടീവ് പവലിയനിലെ ടിക്കറ്റ് നിരക്ക്. അപ്പര്‍ ടയര്‍ ടിക്കറ്റുകള്‍ക്ക് ആയിരം രൂപയും ലോവര്‍ ടയര്‍ ടിക്കറ്റുകള്‍ക്ക് 2000 രൂപയുമാണ് നിരക്ക്.

വിദ്യാര്‍ത്ഥികള്‍ക്ക് 500 രൂപ നിരക്കില്‍ ടിക്കറ്റുകള്‍ ലഭ്യമാകും. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ സ്റ്റുഡന്റ് ഐഡി കാര്‍ഡ് നല്‍കണം. കൂടാതെ സ്‌റ്റേഡിയത്തിലെ പ്രവേശന കവാടത്തിലും ഇതേ കാര്‍ഡ് പരിശോധനയ്ക്ക് നല്‍കുകയും വേണം. സ്‌റ്റേഡിയത്തില്‍ പ്രവേശിക്കുന്ന എല്ലാവരും ഫോട്ടോ പതിച്ച ഐഡി കാര്‍ഡ് കൈവശം കരുതേണ്ടതാണ്.

രാത്രി ഏഴ് മണി മുതലാണ് ട്വന്റിട്വന്റി മത്സരം നടക്കുക. വൈകിട്ട് നാല് മണി മുതല്‍ കാണികള്‍ക്ക് സ്റ്റേഡിയത്തില്‍ പ്രവേശിക്കാന്‍ സാധിക്കും. സ്റ്റേഡിയത്തില്‍ കുപ്പിവെള്ളവും ശീതള പാനിയങ്ങളും പുറത്തുനിന്നും കൊണ്ടുവരാന്‍ അനുവാദമില്ല.

Read more:വെള്ളച്ചാട്ടമല്ല, അതിമനോഹരമായി ഒഴുകിയിറങ്ങുന്നത് മേഘക്കൂട്ടം: അത്ഭുതക്കാഴ്ച

അതേസമയം വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയില്‍ മലയാളി താരം സഞ്ജു സാംസണ്‍ ഇടംനേടി. കാല്‍മുട്ടിനേറ്റ പരിക്കിനെത്തുടര്‍ന്ന് ശിഖര്‍ ധവാന്‍ മത്സരത്തില്‍ ഉണ്ടാവില്ല. ധവാന് പകരക്കാരനായാണ് സഞ്ജു സാംസണ്‍ ടീമില്‍ ഇടം നേടിയിരിക്കുന്നത്.

വീരാട് കോലിയാണ് ടീമിന്റ നായകന്‍. മൂന്ന് മത്സരങ്ങളാണ് പരമ്പരയില്‍ ഉണ്ടാവുക. ഡിസംബര്‍ ആറിനാണ് ഹൈദരാബാദ് രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ ടി 20 യിലെ ആദ്യ മത്സരം നടക്കുന്നത്. രണ്ടാമത്തെ മത്സരമാണ് തിരുവനന്തപുരത്തെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുക. 11 ന് മുംബൈയിലെ വാംഖഡെയിലാണ് പരമ്പരയിലെ അവസാന മത്സരം.