ആര്‍ദ്രം ഈ പ്രണയഗാനം: സമീറിലെ ഗാനം ശ്രദ്ധേയമാകുന്നു

November 28, 2019

പാട്ടുകള്‍, എക്കാലത്തും പ്രിയപ്പെട്ടവയാണ് പലര്‍ക്കും. ചില ദു:ഖങ്ങളില്‍, ചില സന്തോഷങ്ങളില്‍, ചില ഓര്‍മ്മകളില്‍ ഇങ്ങനെ പലപ്പോഴും പാട്ടിനെ കൂട്ടുപിടിക്കുന്നവരുമുണ്ട്. വര്‍ഷങ്ങള്‍ എത്ര കഴിഞ്ഞാലും ചില പാട്ടുകള്‍ പിന്നേയും പിന്നേയും മൂളി നടക്കുന്നതും ഇതുകൊണ്ടൊക്കെയാണല്ലോ. ഇപ്പോഴിതാ മനോഹരമായ ഒരു മഴ പോലെ ആസ്വാദകന്റെ ഹൃദയത്തിലേക്ക് പെയ്തിറങ്ങുകയാണ് ‘സമീര്‍’ എന്ന ചിത്രത്തിലെ ഗാനം.

ചിത്രത്തിലെ ജീവന്റെ ജീവനായി… എന്നു തുടങ്ങുന്ന ഗാനത്തിന്റെ ഫീമെയില്‍ വേര്‍ഷനാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. അതിമനോഹരമായ ഒരു പ്രണയഗാനമാണ് ഇത്. റഷീദ് പാലയ്ക്കല്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് ‘സമീര്‍’. റഷീദ് പാലയ്ക്കലിന്റെ ‘ഒരു തക്കാളിക്കൃഷിക്കാരന്റെ സ്വപ്‌നങ്ങള്‍’ എന്ന നോവലിനെ ആസ്പദമാക്കിയാണ് ‘സമീര്‍’ എന്ന സിനിമ ഒരുക്കുന്നത്. റഷീദിന്റേതാണ് ഈ മനോഹര ഗാനത്തിലെ വരികള്‍. സുദീപ് പാലനാട് സംഗീതം പകര്‍ന്നിരിക്കുന്നു. സിതാര കൃഷ്ണകുമാറിന്റെ മനോഹരമായ ആലാപനം ഗാനത്തെ കൂടുതല്‍ ആകര്‍ഷണീയമാക്കുന്നു.

Read more:സ്‌റ്റൈലായി സ്‌റ്റൈല്‍ മന്നന്‍; ദര്‍ബാറിലെ ഗാനം ട്രെന്‍ഡിങില്‍ ഒന്നാമത്

പ്രധാനമായും പുതുമുഖ താരങ്ങള്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രമാണ് ‘സമീര്‍’. മാമുക്കോയ, ഇര്‍ഷാദ്, വിനോദ് കോവൂര്‍, കെ കെ മൊയ്തീന്‍ കോയ, ജി കെ മാവേലിക്കര, അഷറഫ് കിരാലൂര്‍, മെഹബൂബ് വടക്കാഞ്ചേരി, താജു തോമസ്, നീനാ കുറുപ്പ്, മഞ്ജു പത്രോസ്, ചിഞ്ചു സണ്ണി എന്നിവരും ചിത്രത്തില്‍ വ്യത്യസ്ത കഥാപാത്രങ്ങളായി അണിനിരക്കുന്നുണ്ട്. രൂപേഷ് തിക്കോടിയാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.