ഫേസ്ബുക്കിലെ ചിത്രങ്ങള്‍ നേരിട്ട് ഗൂഗിള്‍ ഫോട്ടോസിലേക്ക്; പുതിയ സംവിധാനം ഒരുങ്ങുന്നു

December 5, 2019

ഫേസ്ബുക്കും ഗൂഗിളും ചേര്‍ന്ന് പുതിയൊരു സംവിധാനത്തിന് തുടക്കം കുറിക്കാന്‍ ഒരുങ്ങുകയാണ്. ഉപയോക്താക്കള്‍ ഫേസ്ബുക്കില്‍ അപ് ലോഡ് ചെയ്യുന്ന ചിത്രങ്ങള്‍ ഗൂഗിളിലും കാണാന്‍ സാധിക്കുന്ന പുതിയ സംവിധാനത്തിനു വേണ്ടിയാണ് ഫേസ്ബുക്കിന്‍റെ തയാറെടുപ്പ്. ഇതുവഴി ഫേസ്ബുക്കില്‍ അപ് ലോഡ് ചെയ്യുന്ന ചിത്രങ്ങള്‍ ഗൂഗിള്‍ ഫോട്ടോസിലേക്ക് നേരിട്ട് എക്‌സ്‌പോര്‍ട്ട് ചെയ്യപ്പെടും. ആപ്പിള്‍, ഗൂഗിള്‍, മൈക്രോസോഫ്റ്റ്, ട്വിറ്റര്‍ പോലുള്ള മുന്‍നിര ടെക് സ്ഥാപനങ്ങളുടെ സഹകരണത്തോടെയുള്ള ഡാറ്റാ ട്രാന്‍സ്ഫര്‍ പ്രൊജക്ടിന്റെ ഭാഗമായാണ് പുതിയ സംവിധാനമൊരുങ്ങുന്നത്.

പരീക്ഷണാടിസ്ഥാനത്തില്‍ അയര്‍ലണ്ടില്‍ മാത്രമാണ് നിലവില്‍ ഈ സംവിധാനം  ഫേസ്ബുക്ക് ലഭ്യമാക്കിയിരിക്കുന്നത്. പുതിയ സംവിധാനപ്രകാരം ഉപയോക്താക്കള്‍ അപ് ലോഡ് ചെയ്യുന്ന വീഡിയോകളും ചിത്രങ്ങളും ഗൂഗിള്‍ ഫോട്ടോസിലേക്ക് നേരിട്ട് എക്‌സ്‌പോര്‍ട്ട് ചെയ്യാന്‍ സാധിക്കുന്ന പ്രത്യേക ടൂള്‍ ഫേസ്ബുക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ഫേസ്ബുക്ക് ഈ ടൂള്‍ അടുത്ത വര്‍ഷം മുതല്‍ക്കേ ആഗോള തലത്തില്‍  ലഭ്യമാക്കുകയുള്ളൂ.

Read more:വേണ്ടിവന്നാല്‍ സ്വന്തം ചിത്രം വരയ്ക്കാനും ആനയ്ക്ക് അറിയാം; കൈയടി നേടി ചിത്രകാരനായ കുട്ടിയാന: വീഡിയോ

അതേസമയം ഫേസ്ബുക്കിന് പുറമെ, വാട്‌സ്ആപ്പ്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സേവനങ്ങളിലേക്കും ഇത്തരത്തിലുള്ള ഫോട്ടോ എക്‌സ്‌പോര്‍ട്ടിങ് സംവിധാനം ക്രമേണ വ്യാപിപ്പിക്കുമെന്നും ഫേസ്ബുക്ക് വ്യക്തമാക്കുന്നുണ്ട്. പുതിയ ടൂള്‍ ഉപയോഗിച്ച് ഒരു ഓണ്‍ലൈന്‍ സേവനത്തില്‍ നിന്നും മറ്റൊന്നിലേക്ക് സുരക്ഷിതവും നേരിട്ടുള്ളതുമായ ഡാറ്റാ കൈമാറ്റം എളുപ്പമാക്കുന്നതിനു വേണ്ടിയുള്ള ഒരു ഓപ്പണ്‍ സോഴ്‌സ്, സര്‍വീസ് ടു സര്‍വീസ് ഡാറ്റ പോര്‍ട്ടബിലിറ്റി പ്ലാറ്റ്‌ഫോം എന്നിവ സൃഷ്ടിക്കാനാണ് ഫേസ്ബുക്കിന്റെ ലക്ഷ്യം.