അഭിനയമികവില്‍ നമിത പ്രമോദ്; പെണ്‍കരുത്തിന്റെ കഥയുമായി ‘അല്‍ മല്ലു’

January 17, 2020

സ്വപ്‌ന സാക്ഷാത്കാരത്തിനു വേണ്ടി, ഉറ്റവരെയും വീടിനെയും ഉപേക്ഷിച്ച് അന്യനാട്ടില്‍ പോയി ജോലി ചെയ്യുന്നവര്‍ അനുഭവിക്കേണ്ടിവരുന്ന ചില പച്ചയായ ജീവിത യാഥാര്‍ത്ഥ്യങ്ങളുടെ കഥ പറയുകയാണ് ‘അല്‍ മല്ലു’ എന്ന ചിത്രം. സസ്‌പെന്‍സും പ്രണയവും നിറച്ച അല്‍ മല്ലു എന്ന ചിത്രത്തില്‍ കുടുംബ ബന്ധങ്ങളുടെ ആഴവും പരപ്പുമെല്ലാം വേണ്ടുവോളം നിഴലിക്കുന്നുണ്ട്. തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം മനോഹരമായ ഒരു ദൃശ്യവിരുന്നാണ് പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നത്.

നമിത പ്രമോദ് നായികയായെത്തുന്ന ചിത്രത്തില്‍ എടുത്തുപറയേണ്ടതും താരത്തിന്റെ അഭിനയ മികവുതന്നെയാണ്. നായകനായെത്തുന്ന ഫാരിസ് എന്ന പുതുമുഖ നടനും ചിത്രത്തില്‍ ഏറെ മികച്ചു നില്‍ക്കുന്നു. ബോബന്‍ സാമുവല്‍ ആണ് ചിത്രത്തിന് തിരക്കഥ എഴുതി സംവിധാനം നിര്‍വഹിക്കുന്നത്. മെഹ്ഫില്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സജില്‍സ് മജീദാണ് ചിത്രത്തിന്റെ നിര്‍മാണം. സിദ്ധിഖ്, മിഥുന്‍ രമേശ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, അനൂപ്, ലാല്‍, മിയ, ഷീലു എബ്രഹാം, വരദ തുടങ്ങി ചിത്രത്തില്‍ അണിനിരക്കുന്ന ഓരോ താരങ്ങളും കഥാപാത്രത്തെ അതിന്റെ പൂര്‍ണ്ണതയിലെത്തിക്കുന്നു.

ദുബായ്, അബുദാബി എന്നിവിടങ്ങളിലായി ചിത്രീകരിച്ച അല്‍ മല്ലു ദൃശ്യഭംഗിയിലും ഏറെ മികച്ചു നില്‍ക്കുന്നു. സ്ത്രീ സുരക്ഷയെക്കുറിച്ചും ചിത്രം സംസാരിക്കുന്നുണ്ട്. ഒപ്പം പ്രവാസികളുടെ ഇടയിലെ ആത്മാര്‍ത്ഥ സ്‌നേഹവും അല്‍ മല്ലുവില്‍ പ്രതിഫലിക്കുന്നു.

ഐടി ഉദ്യോഗസ്ഥയായ നയന എന്ന കഥാപാത്രത്തെ അതിന്റെ പൂര്‍ണ്ണതയിലെത്തിക്കാന്‍ നമിത പ്രമോദ് എന്ന നടിക്ക് സാധിച്ചിട്ടുണ്ട്. ചങ്കുറപ്പുള്ള കഥാപാത്രമാണ് നമിതയുടേത്. അതുകൊണ്ടുതന്നെ ശക്തമായ ഒരു സ്ത്രീ കേന്ദ്രീകൃത ചിത്രമെന്നും അല്‍ മല്ലുവിനെ വിശേഷിപ്പിക്കാം. രഞ്ജിന്‍ രാജിന്റെ സംഗീതമാണ് അല്‍ മല്ലുവിലെ മറ്റൊരു ആകര്‍ഷണം. ചിത്രത്തിലെ സുന്ദരമായ ഗാനങ്ങള്‍ ഇതിനോടകംതന്നെ പ്രേക്ഷക സ്വീകാര്യത നേടിക്കഴിഞ്ഞു.