പ്ലാസ്റ്റിക് നിരോധിക്കാൻ ഒരുങ്ങി ചൈന; ഇതോടെ ഭൂമിയുടെ 6.3 ശതമാനം ഭാഗം പ്ലാസ്റ്റിക് വിമുക്തമാകുമെന്ന് കണ്ടെത്തൽ

January 20, 2020

ലോകത്ത് മാലിന്യകൂമ്പാരങ്ങൾ ദിനം പ്രതി വർധിച്ചുവരികയാണ്. ഇതിൽ ഏറ്റവും അപകടകരവും മണ്ണിലിട്ടാൽ നശിച്ചുപോകാത്തതുമാണ് പ്ലാസ്റ്റിക് മാലിന്യം. പ്ലാസ്റ്റിക്കിന്റ ഉപയോഗം ദിവസേന കൂടിവരുന്നത് നിരവധി ആരോഗ്യ പ്രശ്നങ്ങൾക്കും പ്രകൃതി മലിനീകരണത്തിനും കാരണമാകും. ഇന്ന് ഏറ്റവും ഉപദ്രവകാരിയും വളരെ സുലഭമായി കാണുന്നതും പ്ലാസ്റ്റിക് ഉത്പന്നങ്ങൾകൊണ്ട് നിർമിച്ച വസ്തുക്കൾ തന്നെയാണ്. ലോകത്ത് ഏറ്റവും കൂടുതൽ പ്ലാസ്റ്റിക് ഉപയോഗിക്കുന്ന രാജ്യങ്ങളിൽ ഒന്നാണ് ചൈന.

ഒറ്റത്തവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ ഉപയോഗം കുറയ്ക്കാനുള്ള പുതിയ പദ്ധതിയുമായി എത്തുകയാണ് ദേശീയ വികസന പരിഷ്കരണ കമ്മീഷൻ. അഞ്ച് വർഷം കൊണ്ട് ഈ നയം നടപ്പാക്കാനാണ് തീരുമാനം. ഇത് നടപ്പാകുന്നതോടെ ഭൂമിയുടെ 6.3 ശതമാനം ഭാഗം പ്ലാസ്റ്റിക് വിമുക്തമാകുമെന്നാണ് കണ്ടെത്തൽ.

പ്ലാസ്റ്റിക് ബാഗുകൾ നിരോധിക്കുക, ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം 30 % കുറയ്ക്കുക എന്നിവയാണ് ആദ്യ ഘട്ടത്തിൽ ചെയ്യുക. ചൈനയിൽ 2020 അവസാനത്തോടെ പ്രധാന നഗരങ്ങളിലും 2022 അവസാനത്തോടെ എല്ലാ സ്ഥലങ്ങളിലും പൂർണമായും പ്ലാസ്റ്റിക് നിരോധിക്കാനാണ് തീരുമാനം.

Read also: നയൻതാരയുടെ ഗാനത്തിന് അനു സിത്താരയുടെ ചുവടുകൾ- വീഡിയോ

വർഷങ്ങളായി ചൈനയിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നശിപ്പിക്കാൻ ബുദ്ധിമുട്ടുകയാണ് അധികൃതർ. ലോകത്ത് ഏറ്റവുമധികം പ്ലസ്റ്റിക് ഇറക്കുമതി ചെയ്തിരുന്ന രാജ്യമായിരുന്നു ചൈന. എന്നാൽ 2017 ൽ വിദേശ പ്ലസ്റ്റിക് മാലിന്യങ്ങൾ ഇറക്കുമതി ചെയ്യുന്നത് ചൈന നിരോധിച്ചിരുന്നു.

തായ്ലാൻഡ്, ഇന്തൊനേഷ്യ എന്നീ രാജ്യങ്ങളിലും ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉത്‌പന്നങ്ങൾ നിരോധിച്ചിട്ടുണ്ട്.

അതേസമയം 2020 ജനുവരി ആദ്യവാരം മുതൽ കേരളത്തിലും പ്ലാസ്റ്റിക് നിരോധിച്ചു. നിരോധിച്ച പ്ലാസ്റ്റിക്ക് ഉല്‍പന്നങ്ങള്‍ നിര്‍മ്മിച്ചാലും വില്‍പന നടത്തിയാലും ആദ്യ തവണ പതിനായിരം രൂപ പിഴയടക്കേണ്ടി വരും. ആവര്‍ത്തിച്ചാല്‍ ഇരുപത്തയ്യായിരം രൂപയും തുടര്‍ന്നാല്‍ അമ്പതിനായിരം രൂപയുമാണ് പിഴ.

കേരളത്തിൽ നിരോധിച്ച പ്ലാസ്റ്റിക്കുകള്‍

*പ്ലാസ്റ്റിക് സഞ്ചികള്‍
*പ്ലാസ്റ്റിക് ഷീറ്റ്പ്ലാസ്റ്റിക് പ്ലേറ്റ്, കപ്പ്, സ്പൂണ്‍, സ്‌ട്രോ
*പ്ലാസ്റ്റിക് ആവരണത്തോടു കൂടിയ പ്ലേറ്റ്, കപ്പ്, ബാഗ്, ബൗള്‍
*പ്ലാസ്റ്റിക് കുടിവെള്ള പൗച്ച്, പ്ലാസ്റ്റിക് പതാക, പ്ലാസ്റ്റിക് അലങ്കാര വസ്തുക്കള്‍
*500 മില്ലി ലിറ്ററില്‍ താഴെയുള്ള കുടിവെള്ള കുപ്പികള്‍
*മാലിന്യം ശേഖരിക്കുന്ന പ്ലാസ്റ്റിക് സഞ്ചികള്‍
*ഫ്‌ളെക്‌സ്, പ്ലാസ്റ്റിക് ബാനര്‍