വാഹനാപകടങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

January 22, 2020

നിരത്തിലിറങ്ങിയാൽ മുഴുവൻ വാഹനങ്ങളാണ്…വാഹനാപകടങ്ങളുടെ കണക്കുകളും ദിനംപ്രതി വർധിച്ചുവരികയാണ്. വാഹനങ്ങളെ മറികടക്കുമ്പോൾ ഉണ്ടാകുന്ന അപകടങ്ങളും നിരവധിയാണ്. വാഹനത്തിന്റെ ബ്രേക്ക് നഷ്ടപെടുന്നതിലൂടെ സംഭവിക്കുന്ന അപകടങ്ങളും, അശ്രദ്ധ മൂലം ഉണ്ടാകുന്ന അപകടങ്ങളും നിരവധിയാണ്.

ഓവർടേക്ക് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

  • ധൃതി കാണിക്കാതെ, മുന്നിലും പുറകിലും വളരെയധികം ശ്രദ്ധിച്ച് അപകടം ഇല്ല എന്ന് ഉറപ്പ് വരുത്തി ഓവർ ടേക്ക് ചെയ്യുക.
  • മുന്നിലെ റോഡ് വ്യക്തമായി കാണാന്‍ കഴിയുന്ന സാഹചര്യങ്ങളിൽ മാത്രമേ ഓവർ ടേക്ക് ചെയ്യാവൂ.
  • ഓവർടേക്കിംഗിന് മുൻപ്, മുന്നിൽ വാഹനങ്ങളൊന്നും വരുന്നില്ല എന്നും ആവശ്യത്തിന് സ്ഥലമുണ്ടെന്നും ഉറപ്പുവരുത്തുക.
  • മുന്നിൽ പോകുന്ന വാഹനത്തിന്റെ ഡ്രൈവറെ ഹോണടിച്ചു തന്റെ വാഹനം കയറി വരുന്നുണ്ടെന്ന സൂചന നൽകി കൊണ്ട് ഓവർടേക്ക് ചെയ്യുക.
  • വാഹനം കടന്നുപോകാൻ മുന്നിൽ കഷ്ടിച്ച് അൽപം വഴി മാത്രം ഉണ്ടായിരിക്കുകയും അപകടകരമായ രീതിയിൽ, എതിർ ദിശയിൽ നിന്നു വളരെ വേഗത്തിൽ വാഹനങ്ങൾ വന്നു കൊണ്ടിരിക്കുകയും ചെയ്യുമ്പോൾ ഓവർടേക്ക് ചെയ്യാതിരിക്കുക.
  • മുന്നിൽ പോകുന്ന വാഹനത്തിന്റേയും എതിർ ദിശയിൽ നിന്ന് വരുന്ന വാഹനത്തിന്റേയും ഇടയിലൂടെ അതിസാഹസികത കാണിച്ച് ഓവർ ടെക്ക് ചെയ്യാതിരിക്കുക.
  • വാഹനം ഓടിക്കാൻ ശ്രമിക്കുന്ന തുടക്കകാർ പലപ്പോഴും വളരെ പേടിയോടുകൂടി ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നവരാണ്. മുന്നിൽ പോകുന്ന വാഹനത്തെ ഓവർടേക്ക് ചെയ്ത് തുടങ്ങുമ്പോൾ പേടി തോന്നിത്തുടങ്ങും. തൊട്ട് മുന്നിലുള്ള വാഹനത്തെ മറികടക്കാൻ കഴിയുമോ എന്ന് ആശങ്കപ്പെട്ട് മുന്നിൽ പോകുന്ന വാഹനത്തിന്റെ പകുതി കടന്നു ഓവർടേക്ക് ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കാനാവാതെ ഒടുവിൽ പിൻ വാങ്ങേണ്ടി വരും. ഈ സമയത്ത് എതിർ ദിശയിൽ നിന്നു വേഗത്തിൽ വാഹനങ്ങൾ കടന്നു വന്നാൽ വലിയ അപകടം സംഭവിക്കാം. ആയതിനാൽ വാഹനം ഓടിച്ച് നല്ലവണ്ണം ആത്മവിശ്വാസം നേടിയ ശേഷം തിരക്കേറിയ നിരത്തുകളിൽ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുക.

ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിന്റെ ബ്രേക്ക് പോയാൽ ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ:

  • വാഹനത്തിന്റെ ബ്രെയ്ക്ക് ഇല്ലെന്ന് തിരിച്ചറിഞ്ഞാൽ ഹോൺ  അടിച്ചും, ലൈറ്റ് ഇട്ടും മറ്റ് വാഹനങ്ങൾക്ക് അപകട സൂചന നൽകണം.
  • ബ്രേക്ക് ഇല്ലെന്ന് അറിയുന്നതോടെ ആദ്യം ആക്‌സിലറേറ്റര്‍ പെഡലില്‍ നിന്നും കാല് പൂര്‍ണമായും എടുത്ത് മാറ്റുക. തുടർന്ന് ബ്രേക്ക് പെഡലില്‍ പതിയെ കാലമര്‍ത്തുക. സാവധാനം പിറകെ പെഡലിൽ പൂർണമായും കാൽ അമർത്തുക.
  • ഗിയർ താഴ്ത്തി വാഹനത്തിന്‍റെ വേഗത കുറയ്ക്കുക. ആദ്യം ഒന്നോ, രണ്ടോ ഗിയര്‍ താഴ്ത്തുക. വേഗത ഒരല്‍പം കുറഞ്ഞതിന് ശേഷം വീണ്ടും ഏറ്റവും താഴ്ന്ന ഗിയറിലേക്ക് മാറ്റുക. അതേസമയം പെട്ടെന്ന് ഒന്ന്, രണ്ട് ഗിയറുകളിലേക്ക് മാറ്റിയാൽ വാഹനത്തിന്‍റെ നിയന്ത്രണം നഷ്ടപ്പെടാനാണ് സാധ്യത.
  • സാവധാനത്തിൽ ഘട്ടം ഘട്ടമായി മാത്രം ബ്രേക്ക് ഇടുക.
  • എ സി ഓൺ ചെയ്യുക. ലൈറ്റ്, ഹീറ്റഡ് റിയര്‍, വിന്‍ഡോ എന്നിവ പ്രവർത്തിപ്പിക്കുക, ഇത് ഒരു പരിധി വരെ വാഹത്തിന്റെ വേഗത കുറയ്ക്കാൻ സഹായിക്കും.
  • വണ്ടി സൈഡ് ചേർത്തതിന് ശേഷം ഹാന്‍ഡ്‌ ബ്രേക്ക് ഇടുക. ഇത് വണ്ടി നിൽക്കാൻ സഹായിക്കും.

എന്നാൽ വാഹനത്തിന് ബ്രേക്ക് ഇല്ലെന്ന് തിരിച്ചറിഞ്ഞാൽ ആത്മസംയമനം കൈവിടാതിരിക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. കാരണം പേടിച്ചാൽ ഇത് കൂടുതൽ അപകടങ്ങൾക്ക് കാരണമാകും.

വാഹനങ്ങൾ ഓടിക്കുന്ന സമയങ്ങളിൽ മൊബൈൽ ഫോൺ ഉപയോഗിക്കാതിരിക്കുക. ട്രാഫിക്ക് നിയമങ്ങൾ പാലിക്കാൻ ശ്രദ്ധിക്കുക. അതുപോലെ അമിത സ്പീഡ് കുറയ്ക്കുക. കാരണം അല്പം വൈകിയാലും ജീവൻ രക്ഷിക്കുന്നതല്ലേ ബുദ്ധി.