നാട്ടികയുടെ കടലോരത്ത് പാട്ടുകളുടെ തിരയിളക്കം ഒരുങ്ങുന്നു

January 22, 2020

തൃശൂരിൽ ആവേശത്തിരയിളക്കം സൃഷ്ടിച്ചുകൊണ്ട് നാട്ടിക ബീച്ച് ഫെസ്റ്റ് അരങ്ങേറുകയാണ്. വൈവിധ്യമാർന്ന പരിപാടികളുമായി എത്തുന്ന ബീച്ച് ഫെസ്റ്റിൽ പാട്ടുകളുടെ തിരയിളക്കം ഒരുക്കാൻ ജനുവരി 26 ന് ഒരുങ്ങുന്നത് വമ്പൻ സംഗീതരാവ്.

ജനപ്രിയ ഗായകർ പാടിത്തിമിർക്കുന്ന സംഗീത പുരസ്‌കാര നിശ ‘മ്യൂസിക് റ്റുമോറോ 2020’ അവാർഡിൽ നിരവധി സംഗീത പ്രതിഭകൾ എത്തുന്നു. തെന്നിന്ത്യൻ പിന്നണി ഗാനരംഗത്തെ പ്രണയഗായകൻ സിദ് ശ്രീറാം, യുവഹൃദയങ്ങൾ കീഴടക്കിയ സംഗീത സംവിധായകൻ ഗോപി സുന്ദർ, വിജയ് യേശുദാസ്, സിത്താര കൃഷ്ണകുമാർ, സൂരജ് സന്തോഷ്, സൗമ്യ, ഇഷാൻ ദേവ്, അമൃത സുരേഷ്, മധുമതി നാരായണി, അഭയ ഹിരണ്മയി തുടങ്ങി പ്രതിഭകൾ അണിനിരക്കും.

അതേസമയം പത്ത് ദിവസം നീണ്ടു നിൽക്കുന്ന നാട്ടിക ബീച്ച് ഫെസ്റ്റിൽ ഏഴാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. നാട്ടികയുടെ തീരങ്ങളിൽ ജനസാഗരമലയടിക്കുമ്പോൾ മാറ്റ് കൂട്ടാനായി കൂറ്റൻ പട്ടങ്ങൾ ഒരുങ്ങിയിരിക്കുകയാണ്. വൈകിട്ട് മൂന്ന് മണിമുതൽ ഏഴു മണി വരെയാണ് പട്ടങ്ങളുടെ പ്രദർശനം നടക്കുന്നത്. 

നാട്ടിക ബീച്ച് ഫെസ്റ്റിന്റെ ഭാഗമായി രാമു കാര്യാട്ട് ഫിലിം അവാര്‍ഡ് 2019 ജനുവരി 25ന് അരങ്ങേറും. പുരസ്‌കാരപകിട്ടും കലയുടെ വര്‍ണ്ണപ്പകിട്ടും ഒരുമിക്കുന്ന രാമു കാര്യാട്ട് ഫിലിം അവാര്‍ഡില്‍ നിരവധി താരങ്ങളും അണിചേരും.

അതേസമയം മികച്ച ജനപ്രീതിയോടെ മുന്നേറുകയാണ് നാട്ടിക ബീച്ച് ഫെസ്റ്റിവല്‍. ജനുവരി 16 ന് ആരംഭിച്ച ഫെസ്റ്റ് ഈ മാസം 26 വരെയാണ്. ഓരോ ദിവസവും വ്യത്യസ്തമാര്‍ന്ന നിരവധി കാഴ്ചവിസ്മയങ്ങളും ബീച്ച് ഫെസ്റ്റില്‍ അണിയിച്ചൊരുക്കുന്നുണ്ട്. അനേകായിരങ്ങളാണ് ബീച്ച് ഫെസ്റ്റില്‍ പങ്കാളികളായെത്തുന്നത്.

Posted by NattikaOfficial on Tuesday, 21 January 2020