കൊവിഡ്-19 ഭീതിയിൽ യൂറോ കപ്പും കോപ അമേരിക്കയും അടുത്ത വർഷത്തേക്ക് മാറ്റി

March 18, 2020

കൊറോണ വൈറസ് ആശങ്ക പരത്തുന്നതിനാൽ കായിക ലോകവും ജാഗ്രതയിലാണ്. ഇന്ത്യയിൽ മത്സരങ്ങളെല്ലാം താൽകാലികമായി നിർത്തിവെച്ചപ്പോൾ യൂറോ കപ്പും കോപ അമേരിക്ക ഫുട്ബോൾ ചാംബ്യൻഷിപ്പും അടുത്ത വർഷത്തേക്ക് മാറ്റിവെച്ചു.

ജൂൺ 12 മുതൽ ജൂലൈ 12 വരെയായിരുന്നു യൂറോ കപ്പ് നിശ്ചയിച്ചിരുന്നത്. എന്നാൽ കൊറോണ എന്ന മഹാമാരി നാശം വിതയ്ക്കുന്ന സാഹചര്യത്തിൽ ഈ വർഷം നടത്തേണ്ടതില്ലെന്ന് യൂറോപ്യൻ ഫുട്‍ബോൾ ഗവേണിംഗ് ബോഡി തീരുമാനിക്കുകയായിരുന്നു.2021 ജൂൺ 12 ന് നടത്താനാണ് നിലവിൽ തീരുമാനിച്ചിരിക്കുന്നത്.

കോപ അമേരിക്ക ഫുട്‍ബോൾ ചാംബ്യൻഷിപ്പും ഈ വർഷം നടത്തേണ്ടതില്ലെന്ന് ലാറ്റിനമേരിക്കൻ ഫുട്ബോൾ കോൺഫെഡറെഷൻ തീരുമാനിക്കുകയായിരുന്നു.

അർജന്റീനയും കൊളംബിയയും സംയുക്തമായാണ് കോപ അമേരിക്കൻ ചാംബ്യൻഷിപ്പിന് ആതിഥേയത്വം വഹിക്കുന്നത്. ജൂൺ 12 നായിരുന്നു കോപ അമേരിക്കൻ മത്സരങ്ങളും ആരംഭിക്കേണ്ടിയിരുന്നത്. വളരെ പ്രയാസത്തോടെയാണ് ഈ തീരുമാനം എന്നും വൈറസിന്റെ വ്യാപനം തടയുക എന്നത് മാത്രമാണ് നമ്മുടെ ദൗത്യം എന്നും ലാറ്റിനമേരിക്കൻ ഫുട്ബോൾ കോൺഫെഡറെഷൻ പ്രസിഡന്റ്  അലെസാന്‍ഡ്രൊ ഡൊമിംഗസ് വ്യക്തമാക്കി.