കൊവിഡ്- 19; രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 166, പ്രതിരോധ നടപടികൾ ശക്തം

March 19, 2020

രാജ്യത്ത് കൊറോണ വൈറസ് വ്യാപകമായി പടർന്നുപിടിക്കുകയാണ്. ഏറ്റവും അവസാനം പുറത്തുവരുന്ന കണക്കുകൾ പ്രകാരം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 166 ആയി. തെലുങ്കാനയിലും രാജസ്ഥാനിലും പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതേസമയം രോഗം ബാധിച്ചു എന്ന് സംശയിക്കുന്നയാൾ ഡൽഹി സഫ്ദർജംഗ് ആശുപത്രിയിൽ ആത്മഹത്യ ചെയ്തു. കെട്ടിടത്തിന്റെ മുകളിൽ നിന്നും താഴേക്ക് ചാടിയാണ് ഇയാൾ ആത്മഹത്യ ചെയ്‌തത്‌.

അതേസമയം ലോകത്ത് കൊറോണ വൈറസ് ബാധ മൂലം മരിച്ചവരുടെ എണ്ണം 8944 ആയി. ഇറ്റലിയിൽ ഇന്നലെ മാത്രം 475 പേർ വൈറസ് ബാധ മൂലം മരിച്ചു. ഒരു ദിവസത്തെ ഏറ്റവും ഉയർന്ന മരണനിരക്കാണിത്. ഇറ്റലിയിലെ അവസ്ഥ ഏറെ ദുരിതം നിറഞ്ഞതാണ്. പത്ത് ദിവസങ്ങളായി രാജ്യം മുഴുവൻ ക്വാറന്റീനിലാണെങ്കിലും വൈറസ് വ്യാപനം തടയാൻ സാധിച്ചിട്ടില്ല. ഇറ്റലിക്കൊപ്പം ഇറാനിലെ അവസ്ഥയും ഏറെ രൂക്ഷമാണ്.