കൊറോണക്കാലത്ത് എടിഎമ്മില്‍ നിന്നും പണം പിന്‍വലിക്കുമ്പോള്‍ ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍

March 25, 2020

ഓരോ ചുവടുവയ്പ്പിലും കരുതല്‍ ഉണ്ടാവേണ്ട സമയമാണിത്. കൊവിഡ് 19 എന്ന മഹാമാരിയെ ചെറുക്കാനുള്ള കഠിന പ്രയത്‌നത്തിലാണ് ലോകം. കൊവിഡ് വ്യാപനം തടയാന്‍ മൂന്ന് ആഴ്ചത്തേയ്ക്ക് ഇന്ത്യയില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. അവശ്യ സേവനങ്ങള്‍ മാത്രമായിരിക്കും ഈ ദിവസങ്ങളില്‍ ലഭ്യമാകുക.

കൊറോണ വൈറസ് വ്യാപിക്കുന്നതിനാല്‍ എടിഎമ്മില്‍ നിന്നും പണം പിന്‍വലിക്കുമ്പോഴും ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അത്തരം കാര്യങ്ങളെക്കുറിച്ച് ഓര്‍മ്മപ്പെടുത്തുകയാണ് എസ്ബിഐ.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

1-എടിഎം റൂമിനുള്ളില്‍ ഒരു സമയം ഒന്നിലധികം ആളുകള്‍ പ്രവേശിക്കാന്‍ പാടുള്ളതല്ല.
2-കൈകള്‍ വൃത്തിയാക്കാന്‍ സാനിറ്റൈസര്‍ ഉപയോഗിക്കുക.
3-എടിഎം റൂമിലെ മറ്റ് ഇടങ്ങളിലൊന്നും സ്പര്‍ശിക്കാതിരിക്കുക.
4-പനിയുള്ളവര്‍ എടിഎം ഉപയോഗിക്കാതിരിക്കുക.
5- ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മുഖം കൈമുട്ട് കൊണ്ട് മറച്ചുപിടിക്കുക.
6- ഉപയോഗിച്ച മാസ്‌ക്കുകളോ ടിഷ്യു പേപ്പറുകളോ എടിഎം ലോബിയില്‍ ഉപേക്ഷിക്കാതിരിക്കുക.
7 പണം എടുക്കുന്നതിന് പുറമെയുള്ള സേവനങ്ങള്‍ക്ക് നെറ്റ് ബാങ്കിങ് പ്രയോജനപ്പെടുത്തുക.

അതേസമയം കൊവിഡ് 19-ന്റെ പശ്ചാത്തലത്തില്‍ ഏത് എടിഎമ്മില്‍ നിന്നു വേണമെങ്കിലും ഉപഭോക്താക്കള്‍ക്ക് പണം പിന്‍വലിക്കാം. അടുത്ത മൂന്നു മാസത്തേയ്ക്കാണ് ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഏത് ബാങ്കിന്റെ എടിഎമ്മില്‍ നിന്നു വേണമെങ്കിലും പണം പിന്‍വലിക്കാന്‍ സാധിക്കും. പണം ഈടാക്കുന്നതിന് അധിക ചാര്‍ജ് ഈടാക്കുകയില്ല. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇക്കാര്യം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.