ഭക്ഷണകാര്യത്തിലും വേണം അല്പം കരുതൽ

March 31, 2020

ലോക്ക് ഡൗൺ കാലത്ത് വീടുകളിൽ ഇരിക്കുന്നവരിൽ പലരും കടുത്ത മാനസീക സമ്മർദ്ദങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഈ ദിവസങ്ങളിൽ നാം കൂടുതലായി കേള്‍ക്കുന്ന ഒരു വാക്കാണ് ടെന്‍ഷന്‍. പ്രായമായവരെ മാത്രമല്ല കുട്ടികളെപ്പോലും ഇക്കാലത്ത് മാനസീക സമ്മര്‍ദ്ദം കാര്യമായി തന്നെ ബാധിക്കാറുണ്ട്. ഇത് പിന്നീട് വിഷാദരോഗത്തിലേക്ക് വഴി തെളിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. എന്നാല്‍ ഭക്ഷണകാര്യത്തില്‍ അല്പമൊന്നു ശ്രദ്ധിച്ചാല്‍ മാനസീക സമ്മര്‍ദ്ദങ്ങളെ ഒരു പരിധി വരെ അകറ്റി നിര്‍ത്താം. മാനസീക സമ്മര്‍ദ്ദങ്ങളെ നിയന്ത്രിക്കാന്‍ ഉതകുന്ന ചില ഭക്ഷണപദാര്‍ത്ഥങ്ങളെ പരിചയപ്പെടാം.

പയറുവര്‍ഗങ്ങള്‍-

ധാരാളം വിറ്റാമിനുകളാല്‍ സമ്പുഷ്ടമാണ് പയറുവര്‍ഗങ്ങള്‍. ശരീരത്തിലെ രക്തസമ്മര്‍ദ്ദത്തെ ക്രമീകരിക്കുന്നതിനും പയറുവര്‍ഗങ്ങള്‍ ഏറെ സഹായകരമാണ്. ഭക്ഷണക്രമത്തില്‍ പയറുവര്‍ഗങ്ങള്‍ കൂടുതല്‍ ഉള്‍പ്പെടുത്തുന്നത് മാനസീക സമ്മര്‍ദ്ദം നിയന്ത്രിക്കാനും ഉത്തമമാണ്.

നട്‌സ്-

നട്‌സ് ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നതും ഒരു പരിധി വരെ മാനസീക സമ്മര്‍ദ്ദങ്ങളെ നിയന്ത്രിക്കുന്നതിനു സഹായകരമാണ്.

പഴവര്‍ഗങ്ങള്‍-

പഴവര്‍ഗങ്ങളില്‍ ചിലത് മാനസീക സമ്മര്‍ദ്ദത്തെ അകറ്റുന്നതിന് ഗുണകരമാണ്. ഓറഞ്ച്, കിവി, തക്കാളി, സ്‌ട്രോബറി തുടങ്ങിയ പഴവര്‍ഗങ്ങള്‍ തലച്ചോറിന്റെ ആരോഗ്യത്തിന് ഗുണകരമാണ്. ഇവ മാനസീക സമ്മര്‍ദ്ദത്തെ കുറയ്ക്കുന്നതിനും മനസിന് ഊര്‍ജ്ജം പകരുന്നതിനും നല്ലതാണ്.

വാഴപ്പഴം-

ട്രിപ്‌റ്റോഫാന്‍ എന്ന അമിനോ ആസിഡ് ധാരാളമടങ്ങിയിട്ടുണ്ട് വാഴപ്പഴത്തില്‍. സന്തോഷം പ്രദാനം ചെയ്യുന്ന സെറട്ടോണിന്‍ ഉദ്പാദനത്തെ വര്‍ധിപ്പിക്കാന്‍ വാഴപ്പഴത്തില്‍ അടങ്ങിയിരിക്കുന്ന അമിനോ ആസിഡ് സഹായിക്കും. അതുകൊണ്ടുതന്നെ മാനസീക സമ്മര്‍ദ്ദത്തെ നിയന്ത്രിക്കുന്നതിൽ വാഴപ്പഴം മുഖ്യപങ്ക് വഹിക്കുന്നു.