പക്ഷിപ്പനിയിൽ ആശങ്ക വേണ്ട: കേന്ദ്ര സംഘം

March 11, 2020

കൊറോണ വൈറസ് ഭീതിയിൽ കഴിയുന്ന കേരളക്കരയിൽ ആശങ്കകൾ വർധിപ്പിച്ചുകൊണ്ട് പക്ഷിപ്പനിയും കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ കേരളത്തിൽ കണ്ടെത്തിയ പക്ഷിപ്പനിയിൽ ആശങ്ക വേണ്ടെന്ന് കേന്ദ്ര സംഘം വിലയിരുത്തി.

കഴിഞ്ഞ ദിവസം കോഴിക്കോടാണ് പക്ഷിപ്പനി റിപ്പോർട്ട് ചെയ്തത്. കോഴിക്കോട് രണ്ടിടങ്ങളിലാണ് രോഗം സ്ഥിരീകരിച്ചത്. വെസ്റ്റ് കൊടിയത്തൂരിലെ കോഴി ഫാമിലും വേങ്ങേരിയിലെ ഒരു വീട്ടിൽ വളർത്തുന്ന കോഴികളിലുമാണ് രോഗം കണ്ടെത്തിയത്. ഭോപ്പാലിലെ ലാബിൽ നടത്തിയ പരിശോധനയിലാണ് കോഴികളിൽ രോഗം കണ്ടെത്തിയത്. എന്നാൽ നിലവിൽ പക്ഷിപ്പനി മനുഷ്യരിലേക്ക് പകരുന്ന സാഹചര്യം ഇല്ലെന്നും അതിനാൽ കൂടുതൽ ആശങ്കകൾ ആവശ്യമില്ലെന്നും കേന്ദ്ര സംഘം അറിയിച്ചു.

പക്ഷിപ്പനി സ്ഥിരീകരിച്ച സ്ഥലങ്ങൾ സന്ദർശിച്ച ശേഷമാണ് കേന്ദ്ര സംഘം പ്രതികരിച്ചത്. എന്നാൽ കോഴിക്കോട് കാരമൂലയിൽ വവ്വാലുകൾ കഴിഞ്ഞ ദിവസം ചത്തിരുന്നു. ഇവയുടെ പരിശോധനാ ഫലം വന്ന ശേഷമേ കൂടുതൽ എന്തെങ്കിലും പറയാൻ സാധിക്കുകയുള്ളുവെന്നും അധികൃതർ ചൂണ്ടിക്കാട്ടി. എന്നാൽ നിലവിൽ പ്രതിരോധ പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടക്കുന്നുണ്ട് അതിനാൽ പേടിക്കേണ്ട സാഹചര്യം ഇല്ല. കൂടുതൽ സ്ഥലങ്ങളിലേക്ക് പക്ഷിപ്പനി വ്യാപിക്കാതിരുന്നത് ആശങ്കകൾ കുറയ്ക്കുന്നുവെന്നും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കബിൾ ഡീസീസ് ഡയറക്ടർ ഡോ. ഷൗക്കത്തലി പറഞ്ഞു.

അതേസമയം രോഗം സ്ഥിരീകരിച്ച സ്ഥലങ്ങളുടെ ഒരു കിലോമീറ്റർ പരിധിയിൽ വരുന്ന എല്ലാ വളർത്തുപക്ഷികളെയും കൊല്ലാൻ അധികൃതർ നിർദ്ദേശം നൽകിയിരുന്നു. ഈ ദൗത്യം ഇന്ന് പൂർത്തിയാകും എന്നാണ് കരുതുന്നത്. ആരോഗ്യവകുപ്പ് പ്രശ്‌നബാധിത പ്രദേശങ്ങളിൽ നേരിട്ടെത്തി പക്ഷികളെ കൂട്ടത്തോടെ കൊന്നൊടുക്കുകയാണ്.

എന്നാൽ കുരങ്ങുപനിയുടെ സാന്നിധ്യവും കേരളത്തിൽ കണ്ടെത്തിയിരുന്നു. കുരങ്ങുപനി ബാധിച്ച ഒരാളുടെ മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.