മാങ്ങാ അച്ചാര്‍ മുതല്‍ മാമ്പഴ പുളിശ്ശേരി വരെ; മധുരിക്കും മാമ്പഴക്കാലം

നാട്ടിലെങ്ങും മാങ്ങയുടെ ഉത്സവകാലമാണിത്. കാട്ടുമാങ്ങാ, നാടന്‍ മാങ്ങ, കോമാങ്ങ, പുളിയന്‍ മാങ്ങ, മൂവാണ്ടന്‍ മാങ്ങ, അല്‍ഫോന്‍, മല്‍ഗേവ, നീലന്‍ നിരവധി ഇനത്തില്‍പ്പെട്ട മാങ്ങകള്‍ സുലഭമാണ്. വലിയ ഷോപ്പിങ് മാളുകളില്‍ തുടങ്ങി വഴിയോരങ്ങളില്‍ വരെ മാമ്പഴങ്ങള്‍ വിറ്റഴിക്കപ്പെടുന്നു. മാമ്പഴത്തിന് ആവശ്യക്കാരും ഏറെയാണ്.

മാങ്ങാ അച്ചാറ് മുതല്‍ പഴമാങ്ങ കറി വരെ നമ്മുടെ സദ്യകളില്‍ ഇടം പിടിച്ചിട്ടുണ്ട്. മധ്യകേരളത്തില്‍ പ്രതേകിച്ച് അങ്കമാലി, കറുകുറ്റി തുടങ്ങിയ സ്ഥലങ്ങളില്‍ മാങ്ങാകറി ഏറെ പ്രിയം നിറഞ്ഞതാണ്. മാങ്ങയില്‍ തേങ്ങ പാല്‍ ചേര്‍ത്ത് നിര്‍മിക്കുന്ന അങ്കമാലി മാങ്ങാക്കറി കല്യാണങ്ങള്‍ക്കും മറ്റും നിര്‍ബന്ധിത വിഭവമായി ഇന്നും തുടരുന്നു. വടക്കോട്ടു പോകുമ്പോള്‍ മാങ്ങ കറിക്കു പകരം മാങ്ങ അച്ചാറിനാണ് കൂടുതല്‍ പ്രചാരം. കേരളത്തിന്റെ തെക്കേ അറ്റത്ത് തേങ്ങഅരച്ച മാങ്ങാക്കറിയാണ് പ്രിയപ്പെട്ടത്.

വിപണികളില്‍ സുലഭമായ മാങ്ങ വാങ്ങിക്കുമ്പോള്‍ ചില കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. പഴുത്ത മാമ്പഴം വാങ്ങിക്കുമ്പോള്‍ നാടന്‍ തന്നെ ചോദിച്ചു വാങ്ങിക്കുക. മറുനാടന്‍ മാങ്ങകളെക്കാള്‍ എന്തുകൊണ്ടും നമ്മുടെ നാട്ടിലെ മാങ്ങകളാണ് നല്ലത്. ചില കടകളില്‍ രുചിച്ചുനോക്കി മാമ്പഴം വാങ്ങുവാന്‍ അവസരം ഉണ്ട്, അത് പരമാവധി ഉപയോഗിക്കുക.

കാര്‍ബൈഡ് ഉപയോഗിച്ചു മാങ്ങ പഴുപ്പിക്കുന്ന രീതിയും വ്യാപാരികളിലുണ്ട്. അതുകൊണ്ട് തന്നെ നാട്ടിന്‍ പുറത്ത് നിന്നും ലഭിക്കുന്ന മാങ്ങകള്‍ കുടുതലും ഉപയോഗിക്കാനും ശ്രദ്ധിക്കണം.