അടുത്തറിയാം, ശില്പ ചാരുതയും മനോഹര നിർമിതിയുമായി മനം കവരുന്ന ഇന്ത്യയിലെ പടവുകിണറുകൾ..

ഭാരതത്തിന്റെ ശില്പ ചാരുത ലോകപ്രസിദ്ധമാണ്. വളരെ കൗതുകവും ഒരുപാട് കഥകളും നിറഞ്ഞ ഒട്ടേറെ നിർമിതികൾ ഇന്ത്യക്ക് സ്വന്തമാണ്.അത്തരത്തിൽ വിദേശികളെ എന്നും ആകർഷിക്കുന്ന ഒന്നാണ് ഇന്ത്യയിലെ പടവ് കിണറുകൾ. പൈതൃക നിർമിതികളിൽ വളരെ ശ്രദ്ധേയമാണിവ. കോട്ടകൾക്കുള്ളിൽ തണുപ്പിനായും വെള്ളം ശേഖരിക്കാനായുമാണ് ഇത്തരം പടവ് കിണറുകൾ നിർമിച്ചിട്ടുള്ളത്. എന്നാൽ ചിലയിടങ്ങളിൽ ഇത് ക്ഷേത്ര വിശ്വാസങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്നു.

ചാന്ദ് ബാവോരി, റാണി ജി കി ബാവോരി, ആഗ്രസെൻ കി ബാവോരി, രജോൺ കി ബാവോരി, സൂര്യ കുണ്ഡ് തുടങ്ങി ലോകപ്രസിദ്ധമായ ഒട്ടേറെ പടവുകിണറുകൾ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുണ്ട്. ഇവയ്ക്ക് നിർമ്മിതിയുടെ പ്രത്യേകത പോലെ തന്നെ രസകരമായ കഥകളുമുണ്ട്.

ചാന്ദ് കി ബാവോരി

രാജസ്ഥാനിൽ ഉള്ള ചാന്ദ് ബാവോരി എ ഡി 800ൽ നിർമിച്ചതായി കരുതപ്പെടുന്നു. അഭനേരി ഹർഷത് മാതാ ക്ഷേത്രത്തിനു മുന്നിലായാണ് ഈ പടവുകിണർ സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന കിണറുകളിൽ ഒന്നാണിത്.

റാണി ജി കി ബാവോരി

രാജസ്ഥാനിൽ തന്നെയുള്ള റാണി ജി കി ബാവോരി എന്ന കിണർ റാണിമാരുടെ കിണറാണ്. ബുണ്ടി നഗരത്തിൽ റാണി നതാവതിയുടെ മേൽനോട്ടത്തിൽ നിർമിക്കപ്പെട്ടതാണ് ഇത്. ഇതിനുള്ളിൽ ചെറിയ അറകളും ഉണ്ട്.

ആഗ്രസെൻ കി ബാവോരി

മഹാഭാരതത്തിൽ പരാമർശിക്കപ്പെടുന്ന ആഗ്രസെന്നിന്റെ പേരിലുള്ള ബവോരിയാണ് ആഗ്രസെൻ കി ബാവോരി. ആഗ്രസെന്നിന്റെ പിൻഗാമികൾ എന്നറിയപ്പെടുന്ന അഗർവാൾ വംശജർ പതിനാലാം നൂറ്റാണ്ടിൽ നിർമിച്ചതാണ് ഈ പടവുകിണർ എന്ന് വിശ്വസിക്കപ്പെടുന്നു. ഡൽഹിയിലെ ഏറ്റവും പ്രസിദ്ധമായ ബാവോരി ആണിത്.