ഹോട്ടല്‍, മൊബൈല്‍ റീചാര്‍ജ് കടകള്‍ എന്നിവയുടെ നിയന്ത്രണത്തിന് എറണാകുളം ജില്ലയില്‍ ഇളവ്‌

April 1, 2020

കൊവിഡ് 19 ന്റെ വ്യാപനത്തെ പ്രതിരോധിക്കാന്‍ രാജ്യമൊട്ടാകെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. കടുത്ത നിയന്ത്രണങ്ങള്‍ തുടരുകയാണ് കേരളത്തിലും. അവശ്യ സേവനങ്ങള്‍ മാത്രമാണ് സംസ്ഥാനത്ത് ലഭ്യമാവുക.

എന്നാല്‍ എറണാകുളം ജില്ലയില്‍ ലോക്ക് ഡൗണിനോട് അനുബന്ധിച്ച് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി. ഹോട്ടല്‍, മൊബൈല്‍ റീചാര്‍ജ് കടകള്‍ എന്നിവയുടെ നിയന്ത്രണത്തിലാണ് ഇളവ് വരുത്തിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലയിലെ ഹോട്ടലുകള്‍ക്കും മൊബൈല്‍ റീചാര്‍ജ് കടകള്‍ക്കും രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെ തുറന്ന് പ്രവര്‍ത്തിക്കാം. ജില്ലാ കളക്ടര്‍ എസ് സുഹാസ് ഇതുസംബന്ധിച്ച അനുമതിയും നല്‍കിയിട്ടുണ്ട്.

ഒരു തദ്ദേശ സ്ഥാപനത്തിന് കീഴില്‍ രണ്ട് മൊബൈല്‍ഫോണ്‍ റീചാര്‍ജ് കടകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാനാണ് അനുമതി. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ക്കാണ് ഇതു സംബന്ധിച്ച അപേക്ഷ നല്‍കേണ്ടത്.

അതേസമയം ഹോട്ടലുകള്‍ക്ക് രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് അഞ്ച് മണിവരെ തുറക്കാന്‍ അനുമതിയുണ്ടെങ്കിലും ആളുകള്‍ക്ക് ഹോട്ടലിനുള്ളിലിരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവാദമില്ല. എന്നാല്‍ ഭക്ഷണം പാഴ്‌സല്‍ ആയി നല്‍കാം.