കൊറോണക്കാലത്ത് വേണം ആരോഗ്യകാര്യത്തിൽ ഏറെ കരുതൽ

ലോകം മുഴുവൻ വലിയ പ്രതിസന്ധി ഘട്ടങ്ങളിലൂടെയാണ് കടന്നുപോകുന്നത്. കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനായി നിരവധി ശ്രമങ്ങളും നടത്തിവരുന്നുണ്ട്. രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ മിക്കവരുടെയും ജീവിതശൈലിയിലും മാറ്റങ്ങൾ കണ്ടുതുടങ്ങി. കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനായി സാമൂഹിക അകലം പാലിക്കുക എന്ന ലക്ഷ്യത്തിലാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്.

അതേസമയം ഈ ഘട്ടത്തിൽ ആരോഗ്യകാര്യത്തിലും ഏറെ കരുതൽ ആവശ്യമാണ്. കൃത്യമായ ഉറക്കവും പോഷകാഹാരവുമാണ് ഈ ദിവസങ്ങളിൽ ഉറപ്പുവരുത്തേണ്ടത്. മനസിനും ശരീരത്തിനും ആവശ്യമുള്ള ഒന്നാണ് ഉറക്കം ഫോണിന്റെയും കംപ്യൂട്ടറിന്റെയും അമിതോപയോഗവും സുഖകരമായ ഉറക്കത്തെ ദോഷകരമായി ബാധിക്കും. രാത്രിയില്‍ അധികസമയം ഫോണും കംപ്യൂട്ടറും ഉപയോഗിക്കുന്നത് നല്ലതല്ല. ഉറങ്ങാന്‍ ഉദ്ദേശിക്കുന്നതിനു രണ്ടു മണിക്കൂര്‍ മുമ്പെങ്കിലും ഫോണും കംപ്യൂട്ടറും ഉപയോഗിക്കുന്നത് നിര്‍ത്തിവെയ്ക്കുന്നതാണ് കൂടുതല്‍ ഉത്തമം.

ഉറങ്ങുന്ന സമയത്തില്‍ ഒരു കൃത്യത വരുത്തേണ്ടത് അത്യാവശ്യമാണ്. ഓരോ ദിവസങ്ങളിലും വ്യത്യസ്ത സമയങ്ങള്‍ ഉറങ്ങാന്‍ തിരഞ്ഞെടുക്കുമ്പോള്‍ ഉറക്കത്തിന്റെ താളം തെറ്റുന്നു. അതുകൊണ്ട് ഉറക്കത്തിനുള്ള സമയം കൃത്യമായി ക്രമീകരിക്കേണ്ടത് അത്യാവശ്യമാണ്.

രാത്രിയില്‍ അമിതമായി ഭക്ഷണം കഴിക്കുന്നതും ആരോഗ്യകരമായ ഉറക്കത്തിന് ഗുണം ചെയ്യില്ല. അത്താഴത്തിന് ഹെവി ഫുഡ് പരമാവധി കുറയ്ക്കുന്നതാണ് നല്ലത്. അതേസമയം പ്രഭാതഭക്ഷണം വളരെ നന്നായി കഴിക്കണം. അതിന് പുറമെ ധാരാളം വെള്ളം കുടിയ്ക്കുന്നതും ശീലമാക്കണം.