രാഷ്ട്രീയത്തിലും സാഹിത്യത്തിലും ശൂന്യത സൃഷ്‌ടിച്ച വേർപാട്- ഓർമകളിൽ എം പി വീരേന്ദ്രകുമാർ

May 29, 2020

രാഷ്ട്രീയത്തെ എഴുത്തിൽ പ്രതിഫലിപ്പിച്ച വ്യക്തിയായിരുന്നു എം പി വീരേന്ദ്രകുമാർ. രാഷ്ട്രീയവും സാഹിത്യവും ഒരേപോലെ ചേർത്തുനിർത്തിയ വീരേന്ദ്രകുമാർ യാത്രയാകുമ്പോൾ എല്ലാ അർത്ഥത്തിലും ഒരു പ്രതിഭയെയാണ് കേരളത്തിന് നഷ്ടമാകുന്നത്. വയനാടൻ മണ്ണിൽ നിന്നും പ്രസിദ്ധിയുടെ ഹൈമവതഭൂവിലേക്ക് ചേക്കേറിയ അദ്ദേഹം തികഞ്ഞ രാഷ്ട്രീയബോധമുള്ള പൗരനായിരുന്നു.

സ്വത്തും സമ്പാദ്യവും നിറഞ്ഞ കുടുംബപശ്ചാത്തലത്തിൽ നിന്നും രാഷ്ട്രീയ, സാംസ്‌കാരിക ലോകത്തേക്ക് ചേക്കേറിയ പത്മപ്രഭാ ഗൗഡരുടെ അതെ പ്രൗഢിയും പിന്തുടർച്ചയും മകനായ വീരേന്ദ്രകുമാർ തന്റെ ജീവിതത്തിലുടനീളം പ്രതിഫലിപ്പിച്ചു. മാത്രമല്ല രാഷ്ട്രീയക്കാരിലെ സാഹിത്യകാരൻ എന്നൊരു മേൽവിലാസത്തിലാണ് അദ്ദേഹം അറിയപ്പെട്ടതും വേറിട്ടുനിന്നതും.

സോഷ്യലിസ്റ്റ് നേതാവായ പത്മപ്രഭാ ഗൗഡരുടെയും മരുദേവി അവ്വയുടെയും മകനായി 1936 ജൂലൈ 22ന് കൽപറ്റയിൽ ജനിച്ച എം പി വീരേന്ദ്രകുമാർ, കേരളത്തിൽ ഏറ്റവും കുറവ് സമയം സംസ്ഥാന മന്ത്രിയായിരുന്ന വ്യക്തിയുമാണ്. 48 മണിക്കൂർ മാത്രമാണ് അദ്ദേഹം 1987ൽ വനംവകുപ്പ് മന്ത്രിയായി സ്ഥാനമേറ്റത്. കുറഞ്ഞ സമയത്തിനുള്ളിൽ വനത്തിലെ മരങ്ങൾ മുറിക്കരുതെന്ന ഗംഭീര ഉത്തരവും അദ്ദേഹം പുറപ്പെടുവിച്ചിരുന്നു. കാടിനെ തൊട്ടറിഞ്ഞ വായനാടുകാരന്റെ ഹൃദയമായിരുന്നു അദ്ദേഹം വെളിപ്പെടുത്തിയത്.

പിന്നീട് കേന്ദ്രമന്ത്രിയായും, തൊഴിൽ വകുപ്പിന്റെ ചുമതലയുള്ള സഹമന്ത്രിയായും അദ്ദേഹം ചുമതല വഹിച്ചു. ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റിയുടെ എക്സിക്യൂട്ടീവ് കമ്മറ്റി മെമ്പര്‍, പി ടി ഐ.ഡയറക്ടര്‍, പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ ട്രസ്റ്റി, ഇന്റര്‍നാഷണല്‍ പ്രസ് ഇന്‍സ്റ്റിറ്റ്യൂട്ട് മെമ്പര്‍, കോമണ്‍വെല്‍ത്ത് പ്രസ് യൂണിയന്‍ മെമ്പര്‍,വേള്‍ഡ് അസോസിയേഷന്‍ ഓഫ് ന്യൂസ് പേപ്പേഴ്‌സ് എക്‌സിക്യൂട്ടീവ് കമ്മറ്റി മെമ്പര്‍, ജനതാദള്‍(യു) സ്റ്റേറ്റ് കമ്മറ്റി പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങളും രാഷ്ട്രീയ- സാംസ്‌കാരിക ജീവിത യാത്രയിൽ അദ്ദേഹം വഹിച്ചിട്ടുണ്ട്.

Read More: ഐശ്വര്യ റായിയും തൃഷയും മിന്നിമറയുന്ന മുഖം; ഒരേ സമയം നിരവധി നായികമാരുടെ സാദൃശ്യവുമായി ഒരു പെൺകുട്ടി- വീഡിയോ

ഹൈമവതഭൂവില്‍, സമന്വയത്തിന്റെ വസന്തം, ബുദ്ധന്റെ ചിരി, ഡാന്യൂബ് സാക്ഷി, ഇരുള്‍ പരക്കുന്ന കാലം,അധിനിവേശത്തിന്റെ അടിയൊഴുക്കുകള്‍,ഗാട്ടും കാണാച്ചരടുകളും, രാമന്റെ ദുഃഖം തുടങ്ങി നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. രചനകളിലൂടെ സാഹിത്യലോകത്തെ നിരവധി പുരസ്കാരങ്ങളും അദ്ദേഹത്തിന് ലഭിച്ചു. മാതൃഭൂമിയുടെ നേതൃപദവിക്കാരനായിരുന്ന, രാഷ്ട്രീയത്തിനും അപ്പുറം ഓർമ്മകളിൽ നിറഞ്ഞു നിൽക്കുന്ന എം പി വീരേന്ദ്രകുമാറിന് പ്രണാമം.

Story highlights-m p veerendrakumar’s politics and books