എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മെയ് 21 ന് ശേഷം: മുഖ്യമന്ത്രി

May 6, 2020
exam

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നടത്താൻ കഴിയാതിരുന്ന എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മെയ് 21 ന് ശേഷം ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് അവലോകന യോഗത്തിന് ശേഷം ചേർന്ന വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. മാറ്റിവെച്ച പരീക്ഷകൾ മെയ് 21 നും 29 നും ഇടയിൽ പൂർത്തീകരിക്കാനുള്ള ക്രമീകരണം നടത്തുകയാണെന്ന് മുഖ്യമന്ത്രി അറിയിച്ചു.

അതേസമയം പൂർത്തിയായ പരീക്ഷകളുടെ മൂല്യനിർണയം മെയ് 13 ന് ആരംഭിക്കും. കുട്ടികൾക്ക് പ്രത്യേക അവധിക്കാല പരിശീലനം വിക്ടേഴ്സ് ചാനലിലൂടെ നടത്തും. കേബിളിനും ഡിടിഎച്ചിനും പുറമേ വെബിലും മൊബൈലിലും ഇത് ലഭ്യമാക്കും. ഈ സൗകര്യം ഇല്ലാത്ത കുട്ടികൾക്കായി പ്രത്യേക സംവിധാനം ഒരുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Read also: വിസ്മയകാഴ്ചകൾ ഒരുക്കി തലയെടുപ്പോടെ ‘താംഗ് കലാത്ത്’; അവിശ്വസനീയം ഈ നിർമിതി

കേന്ദ്രസർക്കാർ പ്രഖ്യാപിച്ച മൂന്നാം ഘട്ട ലോക്ക് ഡൗൺ മെയ് 17 നാണ് അവസാനിക്കുന്നത്. എന്നാൽ കേരളത്തിൽ കൊറോണ വൈറസ് രോഗികളുടെ എണ്ണത്തിൽ കുറവുണ്ട്. സംസ്ഥാനത്ത് ഇന്ന് കൊവിഡ് പോസറ്റീവ് കേസുകളില്ല. 7 പേർ ഇന്ന് മാത്രം രോഗമുക്തരായി. നിലവിൽ 30 പേർ മാത്രമാണ് സംസ്ഥാനത്ത് ചികിത്സയിൽ കഴിയുന്നത്. കേരളത്തിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചത് 502 പേരാണ്. ഇതിൽ 469 പേർ ഇതുവരെ രോഗമുക്തരായി. 14670 പേർ നിരീക്ഷണത്തിലുണ്ട്. ഇതിൽ 268 പേർ ആശുപത്രികളിലും മറ്റുള്ളവർ വീടുകളിലുമാണ് നിരീക്ഷണത്തിലുള്ളത്. 

Story Highlights: Covid updates cm press meet