കരുതലിന്റെയും പ്രതീക്ഷയുടെയും ചെറിയ പെരുന്നാൾ- ആഘോഷങ്ങളില്ലാതെ വിശ്വാസ സമൂഹം

വ്രതശുദ്ധിയുടെ നാളുകൾക്ക് ശേഷം ഇന്ന് ചെറിയ പെരുന്നാൾ. ലോകമൊന്നടങ്കം പ്രതിസന്ധിയിലായ ഈ കൊവിഡ് കാലത്ത് ആഘോഷങ്ങളുടെ നിറപ്പകിട്ടില്ലാതെയാണ് വിശ്വാസ സമൂഹം പെരുന്നാൾ വരവേൽക്കുന്നത്. വ്രതമാസത്തിന് അവസാനമായി മാനത്ത് ശവ്വാലിൻ പിറ കണ്ട്, ഒത്തുചേർന്നു നിസ്കരിക്കേണ്ട പെരുന്നാൾ വീടുകളിലേക്ക് ഒതുങ്ങിയിരിക്കുകയാണ്.

അടഞ്ഞ പള്ളികളും സൽക്കാരങ്ങളുമില്ലാതെ മുസ്ലിം സമൂഹം ആദ്യമായാണ് ഇങ്ങനെയൊരു പെരുന്നാളിന് സാക്ഷ്യം വഹിക്കുന്നത്. ഒരുമാസക്കാലം പകൽ ഭക്ഷണം ഉപേക്ഷിച്ച്, മാസപ്പിറ കണ്ട്, സന്തോഷത്തിന്റെയും ആത്മ നിർവൃതിയുടെയും ദിനങ്ങളിലേക്ക് ആഘോഷങ്ങളോടെ മുഴുകേണ്ടതാണ്. എന്നാൽ നിലവിലെ സാഹചര്യത്തെ ഉൾകൊണ്ട് ജനങ്ങൾ ലോകത്തിനായുള്ള പ്രാർത്ഥനയിൽ മുഴുകുകയാണ്.

ചെറിയ പെരുന്നാൾ പ്രമാണിച്ച് ഇന്ന് ലോക്ക് ഡൗണിൽ ഇളവുകളുണ്ട്. ബേക്കറി, തുണിക്കടകൾ , ഫാന്‍സി സ്‌റ്റോറുകള്‍, ചെരുപ്പുകടകള്‍ എന്നിവയ്ക്ക് രാവിലെ ഏഴുമുതല്‍ വൈകുന്നേരം ഏഴുമണിവരെ പ്രവര്‍ത്തിക്കാം. ഇറച്ചി, മത്സ്യവ്യാപാരം എന്നിവ രാവിലെ ആറു മുതല്‍ 11 വരെയും അനുവദിക്കും. ബന്ധുവീടുകള്‍ സന്ദര്‍ശിക്കാനായി വാഹനങ്ങളില്‍ അന്തര്‍ജില്ലാ യാത്രകള്‍ നടത്താനും അനുമതിയുണ്ട്. മാസ്‌ക് നിർബന്ധമായും ധരിക്കണം.

Read More:‘സുന്ദരനായവനെ സുബ്ഹാനല്ലാ..’- മാപ്പിളപ്പാട്ടിന്റെ ഇശലോടെ ‘ഹലാൽ ലൗ സ്റ്റോറി’യിലെ ആദ്യ ലിറിക്കൽ ഗാനം

ഫിത്വര്‍ സക്കാത്ത് ദാനം ഇത്തവണ ഓണലൈന്‍ വഴിയാണ്. പള്ളികളിലും ഈദ് ഗാഹുകളിലും നമസ്കാരവുമുണ്ടാകില്ല. വ്രതശുദ്ധിയുടെയും പ്രാർത്ഥനയുടെയും ആത്മധൈര്യത്തിന്റെയും പിൻബലത്തിൽ, എല്ലാവർക്കും അതിജീവനത്തിന്റെ ചെറിയ പെരുന്നാൾ ആശംസകൾ.

Story highlights-eid festival in kerala