നിങ്ങള്‍ കേട്ടിട്ടുണ്ടോ പൂച്ചകളുടെ രാജ്യത്തെക്കുറിച്ച്…? അങ്ങനേയും ഉണ്ട് ഒരു രാജ്യം

Aoshima Japanese Cat Island

‘പൂച്ചകളുടെ രാജ്യം…’ കേള്‍ക്കുമ്പോള്‍ തന്നെ നെറ്റി ചുളിച്ചു പോകും പലരും. സംഗതി സത്യമാണോ എന്നു തലപുകഞ്ഞ് ആലോചിച്ചെന്നും വരും. എന്നാല്‍ അങ്ങനേയും ഒരു ഇടമുണ്ട് ഭൂമിയില്‍. പൂച്ചകളുടെ രാജ്യം എന്ന വിശേഷണങ്ങള്‍ക്ക് എന്തുകൊണ്ടും അനുയോജ്യമായ ഒരിടം. ജപ്പാനിലെ ആഷിമ എന്ന ചെറു ദ്വീപാണ് പൂച്ചകളുടെ രാജ്യം എന്ന് അറിയപ്പെടുന്നത്.

ആനുപാതികമായി നോക്കുമ്പോള്‍ ഒരു മനുഷ്യന് ആറ് പൂച്ചകള്‍ എന്നതാണ് ആഷിമ ദ്വീപിലെ കണക്ക്. അത്രയധികം പൂച്ചകളുണ്ട് ഇവിടെ. എന്നാല്‍ പെട്ടെന്നു ഉടലെടുത്തതല്ല ഇവിടുത്തെ പൂച്ചകള്‍. വര്‍ഷങ്ങള്‍ക്കു മുമ്പേയുള്ള പാരമ്പര്യമുണ്ട് ആഷിമ ദ്വീപിലെ പൂച്ചകള്‍ക്കും പറയാന്‍.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് മത്സ്യബന്ധനം ഉപജീവനമാക്കിയ അനേകര്‍ പാര്‍ത്തിരുന്ന ഇടമാണ് ഈ ചെറുദ്വീപ്. പൂര്‍ണ്ണമായും ഗ്രാമാന്തരീക്ഷം. 1940-കളില്‍ ആഷിമ ദ്വീപില്‍ എലി ശല്യം രൂക്ഷമായി. ഇതേ തുടര്‍ന്ന് മറ്റ് ഇടങ്ങളില്‍ നിന്നും പൂച്ചകളെ കൊണ്ടുവന്നു ഗ്രാമവാസികള്‍. അക്കാലത്ത് ആയിരത്തോളം ആളുകള്‍ താമസിച്ചിരുന്നു ഈ പ്രദേശത്ത്.

Read more: പ്രിയപ്പെട്ട വിദ്യാര്‍ത്ഥികളുടെ രൂപത്തില്‍ പാവകള്‍ ഉണ്ടാക്കി ഒരു അധ്യാപിക

എന്നാല്‍ പിന്നീട് സൗകര്യങ്ങള്‍ നോക്കി പലരും മറ്റ് പല ഇടങ്ങളിലേക്കും ചേക്കേറി. ഇതോടെ പൂച്ചകളായി ആഷിമ ദ്വീപില്‍ അധികവും. ഇന്ന് അന്‍പതില്‍ താഴെ ആളുകള്‍ മാത്രമേ ഈ ദ്വീപില്‍ താമസിക്കുന്നുള്ളൂ. മിക്കവരും പ്രായമായവരാണ്. ഇവര്‍ക്കൊപ്പം നൂറ് കണക്കിന് പൂച്ചകളുമുണ്ട്.

ജപ്പാന് ചുറ്റിലുമായുള്ള പന്ത്രണ്ടോളം ദ്വീപുകളില്‍ ഒന്നാണ് ആഷിമ. ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള കെട്ടിടങ്ങള്‍ മാത്രമാണ് ഒരുകാലത്ത് ഇവിടെ ആയിരത്തോളം ആളുകള്‍ താമസിച്ചിരുന്നു എന്നതിനുള്ള തെളിവ്. ആഷിമ ഒരു വിനോദ സഞ്ചാര കേന്ദ്രമല്ല. എങ്കിലും മെയിന്‍ ലാന്റിലെത്തുന്ന വിനോദ സഞ്ചാരികളില്‍ ചിലര്‍ ഇവിടെ എത്താറുണ്ട്.

Story highlights: Aoshima Japanese Cat Island