കെട്ടിടങ്ങളുടെ അടിത്തറകളിൽ വജ്രങ്ങൾ ഒളിപ്പിച്ച് ഒരു പട്ടണം; അറിയാം ഈ നഗരത്തെ

July 20, 2020
diamond city

ലോകത്തിലെ ഏറ്റവും മൂല്യമുള്ള വസ്തുക്കളിൽ ഒന്നാണ് വജ്രം. അതുകൊണ്ടുതന്നെ വജ്രങ്ങൾ കൊണ്ടുനിർമ്മിച്ച ഒരു പട്ടണം എന്ന് പറഞ്ഞുകേൾക്കുമ്പോൾ അതിശയവും അത്ഭുതവും തോന്നിയേക്കാം. ഇത്രയും വിലയുള്ള വസ്തുക്കൾ ഉപയോഗിച്ച് ആരെങ്കിലും കെട്ടിടം പണിയുമോ..? അല്ലെങ്കിൽ വജ്രം ഉപയോഗിച്ച് കെട്ടിടം പണിയാൻ മാത്രം സാമ്പത്തീകമായി ഉയർന്നവരാണോ ഈ നാട്ടുകാർ, അതുമല്ലെങ്കിൽ വജ്രം ഉപയോഗിച്ച് കെട്ടിടം പണിയാൻ മാത്രം ബുദ്ധിശൂന്യരാണോ ഈ നാട്ടുകാർ… അങ്ങനെ നിരവധി ചോദ്യങ്ങളാണ് ഈ കെട്ടിടത്തെക്കുറിച്ച് കേൾക്കുമ്പോൾ ഉയരുക. അതുകൊണ്ടുതന്നെ ഈ കെട്ടിടത്തെക്കുറിച്ച് കൂടുതൽ അറിയാം…

ബവേറിയയിലെ നോർഡ്‌ലിംഗേൻ എന്ന കൊച്ചുപട്ടണമാണ് വജ്രങ്ങൾ കൊണ്ട് നിർമ്മിച്ചിരിക്കുന്നത്. മനോഹരമായ ഈ കൊച്ചുപട്ടണത്തിലെ എല്ലാ കെട്ടിടങ്ങളുടെ അടിത്തറകളിലും വജ്രങ്ങൾ ഒളിപ്പിച്ചിട്ടുണ്ട്. ഒറ്റനോട്ടത്തിൽ ഒരു ക്‌ളാസിക് ജർമ്മൻ പട്ടണം ആണെന്നേ തോന്നുകയുള്ളൂ. എന്നാൽ ഇവയുടെ അടിത്തറകളിൽ ദശലക്ഷക്കണക്കിന് വജ്രങ്ങളാണ് ഒളിപ്പിച്ചിരിക്കുന്നത്.

വജ്രങ്ങൾ കൊണ്ടുള്ള കെട്ടിടങ്ങൾക്ക് പിന്നിൽ…

പതിനഞ്ച് ദശലക്ഷം വർഷങ്ങൾക്ക് മുൻപ് ബവേറിയയിൽ ഒരു വലിയ ഛിന്നഗ്രഹം പതിച്ചു.. അതേത്തുടർന്ന് സൃഷ്‌ടിക്കപ്പെട്ട ഗർത്തത്തിലൂടെ പളുങ്ക്, വജ്രം, ഗ്ലാസ് പാറകൾ സൃഷ്ടിക്കപ്പെട്ടു.

പിന്നീട് ഈ പട്ടണത്തിൽ എത്തിയവർ താമസത്തിനായി കെട്ടിടങ്ങൾ പണിയാൻ തുടങ്ങി. അവിടെ പതിച്ച പാറകൾ ഉപയോഗിച്ചാണ് അവർ കെട്ടിടങ്ങൾ പണിതത്. എന്നാൽ തങ്ങൾ കെട്ടിടം പണിയാൻ ഉപയോഗിക്കുന്നത് വജ്രങ്ങൾ ആണെന്ന് അവർ അറിഞ്ഞിരുന്നില്ല എന്നതാണ് യാഥാർഥ്യം.

1960-ൽ അമേരിക്കൻ ജിയോളജിസ്റ്റ് യൂജിൻ ഷൂമേക്കർ അവധി ആഘോഷിക്കാൻ ഈ പട്ടണത്തിൽ എത്തി. തുടർന്ന് അദ്ദേഹത്തിന് ഉണ്ടായ കൗതുകത്തിലൂടെ, നടത്തിയ പഠനങ്ങളുടെ ഫലമായാണ് ഈ പട്ടണം പണിതിരിക്കുന്നത് വജ്രങ്ങൾ ഉപയോഗിച്ചാണെന്ന് കണ്ടെത്തിയത്.

വിദഗ്ധരുടെ കണക്കുകൾ പ്രകാരം 72000 ടൺ വജ്രം ഈ കൊച്ചുനഗരത്തിലുണ്ട്. എന്നാൽ ഇത് കേട്ട് അടുത്ത യാത്രകൾ അങ്ങോട്ട് ആക്കിയാലോ എന്ന് ചിന്തിക്കുന്നവർ അറിയുക.. ഈ വജ്രങ്ങൾക്ക് സാമ്പത്തീക മൂല്യമില്ല, ശാസ്ത്രീയ മൂല്യം മാത്രമേ ഉള്ളു.

Story Highlights: Town made with diamond