തുളസിയിലയും മഞ്ഞളും ചേർത്തൊരു സ്പെഷ്യൽ കട്ടൻകാപ്പിയുമായി പാർവതി- വീഡിയോ

August 18, 2020

ഷൂട്ടിംഗ് തിരക്കുകളിൽ നിന്നും മാറി ലോക്ക് ഡൗൺ കാലത്ത് വീട്ടിലെ സന്തോഷങ്ങളിലേക്ക് ചേക്കേറിയിരിക്കുകയാണ് സിനിമാ താരങ്ങൾ. ചിലർ വർക്ക്ഔട്ട് തിരക്കിലും, ചിലർ പാചക തിരക്കിലുമൊക്കെയാണ്. നടി പാർവതിക്കും പാചക വിശേഷങ്ങളാണ് പങ്കുവയ്ക്കാനുള്ളത്. ഒരു സ്പെഷ്യൽ കട്ടൻകാപ്പിയാണ് പാർവതി ആരാധകർക്കായി പങ്കുവയ്ക്കുന്നത്. കാപ്പിയുണ്ടാക്കുന്ന വീഡിയോയും പാർവതി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്.

തുളസിയിലയും മഞ്ഞളും ചേർത്ത് കട്ടൻകാപ്പിയുണ്ടാക്കുന്ന വീഡിയോയാണ് നടി പങ്കുവെച്ചിരിക്കുന്നത്. തുളസിയില പറിക്കുന്നതു മുതലുള്ള വീഡിയോ നടി തന്നെ കാമറയിൽ പകർത്തുകയാണ്. അച്ഛനാണ് പാർവതിക്കായി കാപ്പി തയ്യാറാക്കുന്നത്. ‘കട്ടൻകാപ്പി, അയ്‌നാണ്’ എന്ന കുറിപ്പിനൊപ്പമാണ് താരം വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

തുളസിയിലയും മഞ്ഞളും ചേർത്ത കാപ്പി അത്ര നിസാരക്കാരനുമല്ല. മാനസിക സമ്മർദ്ദം ഒരു പരിധിവരെ നിയന്ത്രിക്കാൻ തുളസിയിലക്ക് സാധിക്കും. അതുപോലെ ബാക്റ്റീരിയ, ഫംഗസ്, വൈറൽ അണുബാധകൾ കുറയ്ക്കാൻ സഹായിക്കും.നാഡി പ്രശ്നങ്ങൾക്കും ദന്ത പ്രശ്നങ്ങൾക്കും തുളസി കാപ്പി ഉത്തമമാണ്.

അതേസമയം, നിലപാടുകൾ കൊണ്ടും കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുന്ന രീതി കൊണ്ടും സിനിമാലോകത്ത് വേറിട്ടു നിൽക്കുന്ന പാർവതി, ലോക്ക് ഡൗൺ കാലം കുട്ടികാല ചിത്രങ്ങൾ കൊണ്ട് ആഘോഷമാക്കുകയാണ്. വിവിധ പ്രായത്തിലുള്ള ഒട്ടേറെ ചിത്രങ്ങൾ പാർവതി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. അവതാരകയായി ക്യാമറയ്ക്ക് മുന്നിലേക്കെത്തി അന്താരാഷ്ട്ര വേദികളിൽ മലയാള സിനിമയുടെ അഭിമാനമായി മാറിയ നടിയാണ് പാർവതി. കുറഞ്ഞ കാലത്തിനിടയ്ക്ക് ഒട്ടേറെ ശക്തമായ കഥാപാത്രങ്ങൾ അവതരിപ്പിച്ച് മലയാള സിനിമയുടെ പ്രിയങ്കരിയായി മാറുകയായിരുന്നു പാർവതി.

Story highlights- Actress parvathy’s special coffee