ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു; സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴ തുടരും

August 9, 2020
latest weather report

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍, ഉത്തര ഒഡിഷയ്ക്കും, ആന്ധ്ര തീരത്തിനടുത്തായിട്ടുമാണ് പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടത്. അതിനാൽ കേരളത്തിൽ അടുത്ത രണ്ട് ദിവസത്തേക്ക് കൂടി മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇന്ന് ഏഴ് ജില്ലകളിലാണ് കേരളത്തിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഇടുക്കി, വയനാട്, മലപ്പുറം, ആലപ്പുഴ, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം തൃശൂർ പാലക്കാട് ജില്ലകളിൽ ഓറഞ്ചും, തിരുവനന്തപുരത്ത് യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ നാല് ദിവസങ്ങളിലായി കേരളത്തിൽ വിവിധ ഇടങ്ങളിലായി ശക്തമായ മഴ തുടരുകയാണ്. നാളെ പതിനൊന്ന് ജില്ലകളില്‍ മഴ മുന്നറിയിപ്പുണ്ട്.

Read also: വെള്ളക്കെട്ടിലേക്ക് വാഹനം ഇറക്കും മുൻപ്; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ അതീവ ജാഗ്രതാ നിർദ്ദേശങ്ങളും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നൽകിയിട്ടുണ്ട്. കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും അതിശക്തമായ കാറ്റിനും സാധ്യതയുണ്ട്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ തീരദേശവാസികള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.

Story Highlights: second low pressure formed in bay of bengal