പലകയിൽ കൊട്ടിക്കയറിയ കൊച്ചുമിടുക്കന് സമ്മാനത്തിനൊപ്പം സർപ്രൈസും ഒരുക്കി ഉണ്ണി മുകുന്ദൻ; ഹൃദ്യം വീഡിയോ

August 4, 2020

പലകയിൽ കൊട്ടിക്കയറി സമൂഹമാധ്യമങ്ങളിലൂടെ നിരവധി ആരാധകരെ നേടിയെടുത്ത കൊച്ചുകലാകാരനാണ് അഭിഷേക്. മാര്ബിളിലും പലകയിലും കൊട്ടുന്ന അഭിഷേകിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ അഭിഷേകിന് പുതിയ ഡ്രംസ് കിറ്റ് സമ്മാനിച്ചിരിക്കുകയാണ് ചലച്ചിത്രതാരം ഉണ്ണി മുകുന്ദൻ. അഭിഷേകിന് പുതിയ സമ്മാനം എത്തിച്ചതിന് പിന്നാലെ ഈ കൊച്ചുമിടുക്കനെ വിളിച്ച് വീഡിയോ കോളിലൂടെ സ്നേഹാന്വേഷണങ്ങൾ തിരക്കുകയും ചെയ്തു ഉണ്ണി മുകുന്ദൻ. ഇതോടെ നിരവധിപ്പേരാണ് ഉണ്ണി മുകുന്ദന് അഭിനന്ദനമറിയിച്ച് രംഗത്തെത്തുന്നത്.

ഉണ്ണി ഫാൻസ്‌ അസോസിയേഷൻ ഭാരവാഹികളാണ് ഈ കൊച്ചുമിടുക്കന് സമ്മാനം വീട്ടിൽ എത്തിച്ചു നൽകിയത്. അതിന് ശേഷം ഉണ്ണി മുകുന്ദൻ അഭിഷേകുമായി ഫോണിൽ വിളിച്ചു സംസാരിക്കുകയും ചെയ്തു. കൊറോണ വൈറസ് പ്രതിസന്ധിയ്ക്ക് ശേഷം ഒരിക്കൽ അഭിഷേകിനെ നേരിട്ട് കാണാമെന്ന് ഉറപ്പും നൽകിയിരിക്കുകയാണ് ഉണ്ണി മുകുന്ദൻ. വീഡിയോ കോളിനിടെ തന്നെയും സിനിമയിൽ എടുക്കുമോയെന്ന് ചോദിക്കുന്ന കുഞ്ഞുമോനോട് അതിനെന്താ നമുക്ക് ഒരുമിച്ച് അഭിനയിക്കാമല്ലോ എന്ന് മറുപടിയും നൽകുന്നുണ്ട് ഉണ്ണി മുകുന്ദൻ.

അഭിനയത്തിന് പുറമെ ആലാപനത്തിലും ഗിറ്റാറിലുമൊക്കെ കഴിവ് തെളിയിച്ച ഉണ്ണി മുകുന്ദ ഏറെ ജന സ്വീകാര്യൻ കൂടിയാണ്. സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമായ താരത്തിന്റെ ഓരോ വിശേഷങ്ങളും ഏറ്റെടുക്കാറുമുണ്ട് ആരാധകർ. സിനിമയിൽ ശരീര സൗന്ദര്യം കാത്തുസൂക്ഷിക്കുന്നതിൽ മുൻ പന്തിയിലുള്ള താരം കൂടിയാണ് ഉണ്ണി മുകുന്ദൻ.

താരത്തിന്റേതായി അവസാനം വെള്ളത്തിരയിൽ എത്തിയ ചിത്രം മാമാങ്കം ആണ്. ചിത്രത്തിൽ മമ്മൂട്ടിയുടെ സഹോദരനായാണ് ഉണ്ണി മുകുന്ദന്ത് എത്തുന്നത്.

Story Highlights: unni mukundan surprise to abhishek