‘ഒരു കോളിനപ്പുറത്ത് വൻമതിലിന്റെ സംരക്ഷണം പോലെ ഒരു ‘വല്യേട്ട’നുണ്ട്’; മമ്മൂക്കയ്ക്ക് പിറന്നാൾ ആശംസകളുമായി വൈശാഖ്

September 7, 2020

മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടിക്ക് ഇന്ന് പിറന്നാൾ. പിറന്നാൾ ആശംസകളുമായി ലോകം മുഴുവനുമുള്ള മലയാളികൾ എത്തുമ്പോൾ പ്രിയതാരത്തിനൊപ്പമുള്ള അനുഭവം പങ്കുവെച്ച് നിരവധിപ്പേർ എത്തുന്നുണ്ട്. അത്തരത്തിൽ മമ്മൂട്ടിയും ഒത്തുള്ള സിനിമ വിശേഷങ്ങളും ഒപ്പം അദ്ദേഹത്തിന്റെ കരുതലും സ്നേഹവും പങ്കുവെയ്ക്കുകയാണ് സംവിധായകൻ വൈശാഖ്.

വൈശാഖിന്റെ കുറിപ്പ് വായിക്കാം

പലരും പറഞ്ഞു ദേഷ്യപ്പെടുമെന്ന്, പക്ഷേ എന്നോട് ദേഷ്യപ്പെട്ടിട്ടില്ല. ചിലരൊക്കെ പറഞ്ഞു പിണങ്ങുമെന്ന്, പക്ഷേ എന്നോട് പിണങ്ങിയിട്ടില്ല. ചെന്നപ്പോഴൊക്കെ വാതിൽ തുറന്നു തന്നു, കഴിക്കുന്ന ആഹാരത്തിൽ നിന്നും ഒരു പങ്ക് തന്നു.

പോക്കിരിരാജയിൽ പകച്ചു നിന്നപ്പോൾ, കരുതലിന്റെ സംരക്ഷണം തന്നു. മധുരരാജയിൽ വാശി പിടിച്ചപ്പോൾ വാത്സല്യത്തിന്റെ നിറചിരി തന്നു. വീണു പോകുമോ എന്ന് ഭയന്നപ്പോളെല്ലാം മനസ്സ് ഉറപ്പു തന്നു, ഒരു ഫോൺ കോളിനപ്പുറത്ത് വൻമതിലിന്റെ സംരക്ഷണം പോലെ, ഒരു ‘വല്യേട്ട’നുണ്ട് !വിണ്ണിലെ താരമല്ല, മണ്ണിലെ മനുഷ്യൻ!.

Read also: ‘എന്റെ അത്ഭുത ബാലന്…’; ബറോസിലെ ‘ഇമ്മിണി വല്യ’ സംഗീത സംവിധായകന് മോഹന്‍ലാലിന്റെ ആശംസ

അഭ്രപാളികളിൽ നിരന്തരം വിസ്മയം തീർക്കുമ്പോളും, ജീവിതത്തിൽ ഇനിയും ‘അഭിനയിക്കാൻ’ പഠിച്ചിട്ടില്ലാത്ത നടൻ, പ്രിയപ്പെട്ട മമ്മൂക്ക! എനിക്ക് മാത്രമല്ല പലർക്കും മമ്മൂക്ക ഒരു കോൺഫിഡൻസ് ആണ്. കാരണം, വിജയിക്കുന്നവന്റെയും പരാജയപ്പെടുന്നവന്റെയും മുന്നിൽ ആ വാതിൽ എപ്പോഴും ഒരേപോലെ തുറന്ന് കിടക്കും. ഒരു വേർതിരിവും ഇല്ലാതെ, ഒരു കരുതൽ ഇവിടെയുണ്ട് എന്ന ഉറപ്പോടെ …പ്രിയപ്പെട്ട മമ്മൂക്കക്ക് പിറന്നാൾ ആശംസകൾ.

Story Highlights: Director Vysakh About Mammootty