പ്രണയം പങ്കുവെച്ച് മാധവനും അനുഷ്‌കയും; ഗോപി സുന്ദർ ഈണം പകർന്ന ‘നിശബ്ദ’ത്തിലെ മനോഹര ഗാനം

അനുഷ്‌ക ഷെട്ടിയും മാധവനും ഒന്നിക്കുന്ന ത്രില്ലർ ചിത്രമാണ് നിശബ്ദം. ഒക്ടോബർ 2 മുതൽ ആമസോൺ പ്രൈമിൽ പ്രദർശനത്തിന് എത്തുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. ഇപ്പോഴിതാ, ചിത്രത്തിൽ നിന്നും മനോഹരമായൊരു പ്രണയ ഗാനമാണ് എത്തിയിരിക്കുന്നത്.

അനുഷ്ക ഷെട്ടി, ആർ മാധവൻ എന്നിവരാണ് പാട്ടിലും എത്തുന്നത്. ഭാസ്‌കര ഭട്‌ല രചിച്ച വരികൾക്ക് ഗോപി സുന്ദർ ഈണം പകർന്ന് സിദ്ദ്‌ ശ്രീറാമാണ് ആലപിച്ചിരിക്കുന്നത്. ബധിരയും മൂകയുമായ സാക്ഷി എന്ന കഴിവുറ്റ ചിത്രകാരിയായാണ് നിശബ്ദത്തിൽ അനുഷ്ക ഷെട്ടി എത്തുന്നത്.

ആന്റണി എന്ന സെലിബ്രിറ്റി സംഗീതജ്ഞനായി മാധവൻ എത്തുന്നു. സാക്ഷിയും ആന്റണിയും വിവാഹം ചെയ്യുന്നതിൽ അസ്വസ്ഥയാകുന്ന സൊനാലി എന്ന സുഹൃത്തായാണ് ശാലിനി പാണ്ഡെ എത്തുന്നത്. സാക്ഷിയുടെ ശബ്ദവും ഉറ്റസുഹൃത്തുമാണ് സൊനാലി. എന്നാൽ, വിവാഹനിശ്ചയത്തിന് ശേഷം സൊനാലിയെ കാണാതാകുന്നതോടെ കഥ സംഘർഷഭരിതമാകുന്നു. ഒരു കൊലപാതക രഹസ്യത്തെയും പ്രേതഭവനത്തെയും ചുറ്റിപ്പറ്റിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

Story highlights- nisabdham movie song