മധുരം നിറച്ച ഗാനങ്ങളുമായി അജുവിന്റെ സാജന്‍ ബേക്കറി

September 29, 2020
Saajan Bakery Since 1962 Full Songs

കോമഡി കഥാപാത്രങ്ങളിലൂടെ മലയാള സിനിമയില്‍ എത്തി പ്രേക്ഷകപ്രീതി നേടിയ താരമാണ് അജു വര്‍ഗീസ്. എന്നാല്‍ പിന്നീട് നായകനായും പ്രതിനായകനായുമെല്ലാം വെള്ളിത്തിരയില്‍ താരം ശ്രദ്ധ നേടി. അജു വര്‍ഗീസ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘സാജന്‍ ബേക്കറി since 1962’ . അരുണ്‍ ചന്തു ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. അജു വര്‍ഗീസിനൊപ്പം ലെനയും ഗണേഷ് കുമാറും രഞ്ജിത മേനോനും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നു.

ചിത്രത്തിലെ പാട്ടുകളെല്ലാം അടങ്ങിയ ഓഡിയോ ജ്യൂക്‌ബോക്‌സ് അടുത്തിടെ പുറത്തെത്തിയിരുന്നു. മികച്ച സ്വീകാര്യതയാണ് ഓരോ പാട്ടുകള്‍ക്കും ലഭിക്കുന്നത്. വണ്‍സ് അപോണ്‍ എ ടൈം ഇന്‍ റാന്നി, തോരാ മഴയിലും, കാണാ ദൂരം, ഈറന്‍ കണ്ണില്‍, കാലമേറെ പോയ് മായ്കിലും…’എന്നിങ്ങനെ അഞ്ച് പാട്ടുകളാണ് ചിത്രത്തിലുള്ളത്. പ്രശാന്ത് പിള്ളയാണ് ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത്. വിനായക് ശശികുമാര്‍, അനു എലിസബത്ത് ജോസ് എന്നിവരുടേതാണ് ഗാനങ്ങളിലെ വരികള്‍. ജെയിംസ് തകര, വിനീത് ശ്രീനിവാസന്‍, പ്രീതി പിള്ള, കെ എസ് ഹരിശങ്കര്‍ എന്നിവരാണ് ആലാപനം.

സംവിധായകന്‍ അരുണിനൊപ്പം അജു വര്‍ഗീസ്, സച്ചിന്‍ ആര്‍ ചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഗുരു പ്രസാദ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ബേക്കറിയുടെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന സിനിമയുടെ കൂടുതല്‍ ഭാഗങ്ങളുടേയും ചിത്രീകരണം പത്തനംതിട്ട, റാന്നി, തേനി ബാംഗ്ലൂര്‍ എന്നിവടങ്ങളിലാണ്. കേരളത്തിലെ വളരെ പ്രസിദ്ധമായ പരുമല പള്ളി പെരുന്നാളും സിനിമയുടെ ആവശ്യങ്ങള്‍ക്കായി ചിത്രീകരിച്ചിരുന്നു.

ലളിതമായ ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ നന്മയുള്ള ചില മനുഷ്യരുടെ കഥയാണ് പറയുന്നത് എന്നാണ് സൂചന. ഫന്റാസ്റ്റിക് ഫിലിംസിന്റെ ബാനറില്‍ ധ്യാന്‍ ശ്രീനിവാസന്‍, വൈശാഖ് സുബ്രഹ്‌മണ്യം, അജു വര്‍ഗീസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.

Story highlights: Saajan Bakery Since 1962 Full Songs