നീല പൊന്മാനായ് സാനിയ ഇയ്യപ്പൻ- പുത്തൻ ലുക്കിൽ പ്രിയ താരം

September 26, 2020

മലയാള സിനിമയിലെ ഏറ്റവും സ്റ്റൈലിഷായ യുവനടിമാരിൽ ഒരാളാണ് സാനിയ ഇയ്യപ്പൻ. ലുക്കിലും വേഷത്തിലും നിരവധി ഫാഷൻ പരീക്ഷണങ്ങൾ നടത്താറുള്ള സാനിയയുടെ പുതിയ ലുക്കും ശ്രദ്ധ നേടുകയാണ്. മുടിക്ക് നീല നിറം നൽകി വ്യത്യസ്ത ലുക്കിലാണ് താരമിപ്പോൾ. സാനിയ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ചിത്രങ്ങൾക്ക് ആരാധകരും സിനിമാ താരങ്ങളും കമന്റുകളുമായി എത്തി.

അന്ന ബെൻ, പ്രാർത്ഥന ഇന്ദ്രജിത്ത് തുടങ്ങിയവർ സാനിയയുടെ പുത്തൻ ലുക്കിന് പിന്തുണയേകി. കഴിഞ്ഞ ദിവസം മുടിയിൽ ഒരു പുത്തൻ പരീക്ഷണം നടത്തുകയാണെന്ന് താരം ആരാധാകരോട് പങ്കുവെച്ചിരുന്നു. അധികമാരും തിരഞ്ഞെടുക്കാത്ത നീല നിറമാണ് സാനിയ മുടിക്ക് നൽകിയത്.

അഭിനയത്തിലൂടെയും നൃത്തത്തിലൂടെയും വിസ്മയിപ്പിക്കുന്ന സാനിയ ഇയ്യപ്പൻ പുതിയ തുടക്കത്തിലേക്ക് ചുവടുവെച്ചിരിക്കുകയാണ്. വസ്ത്ര വ്യാപാര രംഗത്താണ് സാനിയ തന്റെ കയ്യൊപ്പ് പതിപ്പിക്കാനൊരുങ്ങുന്നത്. സാനിയസ് സിഗ്നേച്ചർ എന്ന പേരിൽ ആരംഭിച്ച ക്ലോത്തിങ് ബ്രാൻഡിന്റെ വിശേഷങ്ങൾ സാനിയ തന്നെയാണ് പങ്കുവെച്ചത്. ഓൺലൈൻ സ്റ്റോറാണ് നടി ആരംഭിച്ചിരിക്കുന്നത്. കൂടുതൽ വിവരങ്ങൾ പിന്നാലെ പുറത്തുവിടാമെന്നും നടി അറിയിക്കുന്നു.

മുൻപും ഒട്ടേറെ നായികമാർ വസ്ത്ര വ്യാപാര രംഗത്തേക്ക് തിരിഞ്ഞിരുന്നു. അവരിലൊരാളാകുകയാണ് സാനിയയും. ഇപ്പോൾ ഫോട്ടോഷൂട്ട് തിരക്കിലാണ് സാനിയ. ലോക്ക് ഡൗൺ സമയത്ത് വിവിധ ഫോട്ടോഷൂട്ട് ചിത്രങ്ങൾ നടി പങ്കുവെച്ചിരുന്നു.

അതേസമയം, ‘ദി പ്രീസ്റ്റ്’ എന്ന ചിത്രത്തിലാണ് സാനിയ ഏറ്റവും ഒടുവിൽ അഭിനയിച്ചത്. ലോക്ക് ഡൗൺ കാലം ഫോട്ടോഷൂട്ട് പരീക്ഷണങ്ങളും ഫിറ്റ്നസ്, സൗന്ദര്യ നിർദേശങ്ങളും പങ്കുവയ്ക്കുന്ന യൂട്യൂബ് ചാനലുമൊക്കെയായി തിരക്കിലായിരുന്നു സാനിയ ഇയ്യപ്പൻ. 

ബാലതാരമായി സിനിമയിലേക്കെത്തിയ സാനിയ ബാല്യകാല സഖി എന്ന സിനിമയിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. പിന്നീട് അപ്പോത്തിക്കരി എന്ന ചിത്രത്തിലും വേഷമിട്ടു. 2017ൽ ക്വീൻ എന്ന ക്യാമ്പസ് ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച സാനിയ ഇന്ന് പത്തോളം സിനിമകളിൽ വേഷമിട്ടു കഴിഞ്ഞു. അഭിനയത്തിന് പുറമെ നൃത്തത്തിലും മോഡലിംഗിലും താരം സജീവമാണ്.

Story highlights- saniya iyyappan’s new look