പല്ലുകൾ വെളുക്കാനും മുഖം തിളങ്ങാനും ഒരേ പ്രതിവിധി- ഓറഞ്ചുതൊലിയുടെ പൊടിയിലൂടെ എല്ലാ സൗന്ദര്യ പ്രശ്നങ്ങൾക്കും പരിഹാരം

സൗന്ദര്യ സംരക്ഷണത്തിന് ഏറ്റവും ഉത്തമമായ മാർഗമാണ് ഓറഞ്ച് തൊലി. അമ്പരക്കേണ്ട..കേക്കിലും ചില ഡസേർട്ടുകളിലും ഓറഞ്ച് തൊലി രുചിക്കായി ഉപയോഗിക്കുന്നതുപോലെ ഓറഞ്ചിന്റെ തൊലി പൊടിച്ചത് ചർമ്മ സംരക്ഷണത്തിന് വളരെ നല്ലതാണ്.

ഓറഞ്ചുതൊലി പൊടിച്ചത് എല്ലാ ദിവസവും ചർമ്മത്തിൽ സുരക്ഷിതമായി ഉപയോഗിക്കാം. തിരക്കേറിയ ജീവിത ശൈലിയിൽ ദിവസേന ഓറഞ്ചുതൊലി പൊടിച്ചത് മുഖത്തിടാൻ സാധിച്ചില്ലെങ്കിൽ ആഴ്ചയിൽ ഒരിക്കലാണെങ്കിലും ഉപയോഗിക്കുന്നത് മികച്ച ഫലമുണ്ടാക്കും.

ചർമ്മത്തിന് കൂടുതൽ നിറം നൽകാൻ ഓറഞ്ചുതൊലിക്ക് സാധിക്കും. ഓറഞ്ചുതൊലിയുടെ പൊടി അല്പം വെള്ളത്തിൽ ചാലിച്ച് മുഖത്തിട്ടാൽ നാലാൾ തിളക്കവും നിറവും ഉണ്ടാകും. മുഖക്കുരുവിന്റെ കറുത്ത പാടുകൾ എപ്പോഴും പലരെയും അലട്ടാറുണ്ട്. ഈ പാടുകൾ മാറാൻ 1 ടീസ്പൂൺ ഓറഞ്ചുതൊലി പൊടിച്ചത് 1 ടീസ്പൂൺ തേനുമായി യോജിപ്പിക്കുക. ഇത് മുഖത്തും കഴുത്തിലുമായി 10 മിനിറ്റ് പുരട്ടുക, തുടർന്ന് നന്നായി കഴുകുക. മാത്രമല്ല, പൊടി പാലിൽ കലർത്തി മുഖത്തിടുന്നതും നല്ലതാണ്.

ഓറഞ്ചുതൊലി പൊടിയിൽ ഉയർന്ന അളവിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇവ ചുളിവുകൾ വരുന്നത് തടയും. ഇത് കൊളാജൻ ഉൽ‌പാദനം വർദ്ധിപ്പിക്കുകയും അകാല വാർദ്ധക്യത്തിന് കാരണമാകുന്ന ഫ്രീ റാഡിക്കലുകളെ ചെറുക്കുകയും ചെയ്യും.

അമിതമായ എണ്ണമയമുള്ള ചർമ്മക്കാർക്ക് ഉത്തമമാണ് ഓറഞ്ചുതൊലി. ഇത് ചർമ്മത്തിൽ നിന്ന് അമിത എണ്ണയെ നീക്കംചെയ്യുന്നു. എണ്ണമയമുള്ള ചർമ്മമാണെങ്കിൽ ഓറഞ്ച് തൊലി ഫെയ്സ് മാസ്ക് പരീക്ഷിക്കുക അല്ലെങ്കിൽ ഓറഞ്ച് തൊലി ഫെയ്സ് ക്ലെൻസറായി ഉപയോഗിക്കുക.

പല്ലുകൾ വെളുപ്പിക്കാനും ഓറഞ്ചുതൊലിയുടെ പൊടി നല്ലതാണ്. അല്പം വെള്ളത്തിൽ ഓറഞ്ചുതൊലി പൊടിച്ചത് കലർത്തി രണ്ടുമിനിറ്റ് നേരത്തേക്ക് പല്ലിൽ തേച്ചുപിടിപ്പിക്കുക. അതിനുശേഷം വെള്ളമുപയോഗിച്ച് കഴുകിക്കളയാം. ആഴ്ചയിൽ ഒരിക്കൽ മാത്രമേ ഇത് ഇങ്ങനെ പല്ലുകളിൽ ഉപയോഗിക്കാവു. കാരണം, ഓറഞ്ചു തൊലിയുടെ അസിഡിറ്റി പല്ലിന്റെ ഇനാമൽ ക്ഷയിക്കാൻ കാരണമാകും.

Story highlights- benefits of orange peel powder