ഡയറ്റ് പ്ലാനുകളും ആരോഗ്യപ്രശ്നങ്ങളും

ശരീരഭാരം കുറയ്ക്കുന്നതിനായി മാസങ്ങളോളം തെറ്റായ ഭക്ഷണ രീതികൾ പിന്തുടരുന്നവരെ നാം കാണാറുണ്ട്. തെറ്റായ ഭക്ഷണ രീതി ആരോഗ്യത്തെ ഹാനികരമായി ബാധിക്കും. കുറച്ച് നാളുകളായി ചർച്ചയാകുന്ന ഒന്നാണ് കീറ്റോ ഡയറ്റിന്റെ ഗുണങ്ങളും ദോഷവശങ്ങളും. കഴിഞ്ഞ കുറച്ച് ദിവസങ്ങൾ മുമ്പാണ് ബംഗാളി നടി മിസ്തി മുഖർജി വൃക്ക രോഗം ബാധിച്ച് മരണത്തിന് കീഴടങ്ങിയത്. നടിയുടെ മരണം കീറ്റോ ഡയറ്റ് മൂലമെന്നാണ് ബന്ധുക്കൾ ആരോപിച്ചിരുന്നു. ശരീരഭാരം കുറയ്ക്കുന്നതിനായി മാസങ്ങളായി മിസ്തി മുഖർജി കീറ്റോ ഡയറ്റ് ഫോളോ ചെയ്തിരുന്നു. ഇതേത്തുടർന്നുണ്ടായ ആരോഗ്യപ്രശ്നങ്ങളാണ് മരണത്തറിന് കാരണമാക്കിയത് എന്നാണ് ബന്ധുക്കൾ പറയുന്നത്. എന്നാൽ നടിയുടെ മരണശേഷം അമിതമായ കീറ്റോ ഡയറ്റ് മരണത്തിന് കാരണമാകുമോ എന്ന തരത്തിൽ ചർച്ചകളും മറ്റും സമൂഹമാധ്യമങ്ങളിൽ ഉയർന്നിരുന്നു.

സാധാരണ നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ നിന്ന് ഗ്ലൂക്കോസ് ഉത്പാദിപ്പിക്കപ്പെട്ട് അതാണ് കോശങ്ങൾ അവരുടെ ആവശ്യങ്ങൾക്കായി ഉപയോഗിക്കുക. കീറ്റോ ഡയറ്റ് നോക്കുന്നവർ കഴിക്കുന്ന അന്നജത്തിന്റെ അളവ് കുറവായതുകൊണ്ട് ആവശ്യത്തിന് ഗ്ലൂക്കോസ് ഉണ്ടാക്കാൻ പറ്റില്ല. കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം പരമാവധി കുറച്ച് വളരെ അധികം അളവിൽ കൊഴുപ്പും മിതമായ അളവിൽ പ്രോട്ടീനും അടങ്ങിയ ഭക്ഷണം കഴിക്കുന്ന ഡയറ്റാണ് കീറ്റോ.

കീറ്റോ ഡയറ്റിന്റെ ഗുണങ്ങള്‍

1∙ വേഗത്തിൽ ഭാരം കുറയ്ക്കാന്‍ സഹായിക്കും.

2∙ കീറ്റോ ഡയറ്റിന്റെ ഭാഗമായി കാർബോഹൈഡ്രേറ്റ് കുറഞ്ഞ ഭക്ഷണം കഴിക്കുന്നതിനാൽ ശരീരത്തിൽ പഞ്ചസാരയുടെ അളവ് കുറവായിരിക്കും. ഇത് പ്രമേഹം നിയന്ത്രിക്കാന്‍ സഹായിക്കും.

3∙ കീറ്റോ ഡയറ്റിന്റെ ഭാഗമായി ഭാരം കുറഞ്ഞാൽ തടിയുള്ള ഒരു വ്യക്തിയുടെ പ്രമേഹവും രക്ത സമ്മർദവും നിയന്ത്രണത്തിൽ ആകും. ഇത് ശാസ്ത്രീയമായി തെളിയിച്ചിട്ടുള്ള കാര്യമാണ്.

കീറ്റോ ഡയറ്റിന്റെ ദോഷങ്ങൾ

1∙ കീറ്റോ ഡയറ്റില്‍ ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ ലഭിക്കില്ല.

2∙ ഫാറ്റ് അടങ്ങിയ ഭക്ഷണം കൂടുതൽ നാൾ കഴിച്ചാൽ
വൃക്കയിൽ കല്ലിനു കാരണമാകാം.

3. ഫൈബറിന്റെ അളവ് കുറവായതിനാല്‍ ദഹനപ്രവര്‍ത്തനങ്ങളും സുഗമമായി നടക്കില്ല.

4. ശരീരം കീടോസിസ് ആകുമ്പോൾ ഇടക്കിടെ മൂത്രമൊഴിക്കേണ്ടി വരും. ഇത് മൂലം ശരീരത്തിൽ നിന്ന് ദ്രാവകവും സോഡിയം, മഗ്നീഷ്യം, പൊട്ടാസ്യം പോലുള്ള ഇലക്ക്റ്ററോലൈറ്റ്സും നഷ്ടമാകും.

ആരോഗ്യമുള്ള ശരീരത്തിന് കൃത്യമായ വ്യായാമം ആവശ്യമാണ്. ഒപ്പം ഭക്ഷണ ക്രമത്തിലും കൃത്യമായ ശ്രദ്ധ ചെലുത്തണം. എന്നാൽ ശരീരത്തിനും ആരോഗ്യത്തിനും ദോഷമായ ഡയറ്റ് പ്ലാനുകൾ പൂർണമായും ഒഴിവാക്കുക.

Story Highlights: Diet plan and health