രാജസ്ഥാൻ റോയൽസിനെതിരെ ഡൽഹിയ്ക്ക് ആവേശ വിജയം

രാജസ്ഥാൻ റോയൽസിനെതിരെ ഡൽഹിയ്ക്ക് 13 റൺസ് വിജയം. ആദ്യം ബാറ്റ് ചെയ്ത ഡൽഹി നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 161 റൺസ് നേടിയിരുന്നു. മറുപടി ബാറ്റിങ്ങിൽ രാജസ്ഥാൻ റോയൽസിന്റെ ഇന്നിംഗ്സ് 148 റൺസിൽ അവസാനിച്ചു. രാജസ്ഥാൻ നിരയിൽ ബെൻ സ്റ്റോക്സ്, ജോസ് ബട്‍ലർ, എന്നിവർ നന്നായി തുടങ്ങിയെങ്കിലും മികച്ച ബോളിങ് പുറത്തെടുത്ത ആൻറിച് നോർജെ 22 റൺസ് നേടിയ ബട്ലറെ പുറത്താക്കി. പിന്നീട് ക്രീസിൽ എത്തിയ സ്റ്റീവ് സ്മിത്തിനെ റിട്ടേൺ ക്യാച്ചിലൂടെ ആർ അശ്വിൻ പറഞ്ഞയച്ചു. രണ്ട് സിക്‌സറുകൾ നേടി സഞ്ജു സാംസൺ പ്രതീക്ഷ നൽകിയെങ്കിലും അക്സർ പട്ടേൽ പുറത്താക്കുകയായിരുന്നു. 32 റൺസ് നേടി റോബിൻ ഉത്തപ്പ പൊരുതി നോക്കിയെങ്കിലും രാജസ്ഥാന് വിജയം അകന്നുനിന്നു. കഴിഞ്ഞ മത്സരങ്ങളിലെ ഹീറോ രാഹുൽ തെവാത്തിയയ്ക്ക് അത്ഭുതങ്ങൾ ഒന്നും സൃഷ്ടിക്കാൻ കഴിയാതിരുന്നതും രാജസ്ഥാന് തിരിച്ചടിയായി.

അവസാന ഓവറുകളിൽ മികച്ച രീതിയിൽ പന്തെറിഞ്ഞ ഡൽഹി ബോളറുമാരാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. ബോളറുമാർക്ക് കൂട്ടായി മികച്ച ഫീൽഡിങ്ങും ഡൽഹിയുടെ വിജയത്തിന് അടിസ്ഥാനമായി. ഡൽഹിയ്ക്ക് വേണ്ടി തുഷാർ ദേശ്‌ പാണ്ഡെ, ആൻറിച് നോർജെ എന്നിവർ രണ്ട് വിക്കറ്റുകൾ വീതം നേടി. കഗിസോ റബാദ, ആർ.അശ്വിൻ, അക്സർ പട്ടേൽ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

നേരത്തെ ഡൽഹി ഇന്നിങ്സിന്റെ ആദ്യ ബോളിൽ തന്നെ ഓപ്പണർ പൃഥ്വി ഷായെ ടീമിന് നഷ്ടമായി. തുടർന്നെത്തിയ അജിൻക്യ രഹാനയെയും ജോഫ്ര ആർച്ചർ പുറത്താക്കി. ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെയും ശിഖർ ധവാന്റെയും മികച്ച കൂട്ടുകെട്ടാണ്‌ ഡൽഹിയെ മോശമല്ലാത്ത സ്‌കോറിൽ എത്തിച്ചത്. 33 പന്തിൽനിന്നും എട്ട് ബൗണ്ടറികളുടെ സഹായത്തോടെ ശിഖർ ധവാൻ 57 റൺസ് നേടി. ക്യാപ്റ്റൻ ശ്രേയസ് അയ്യർ 43 പന്തിൽ നിന്നും 53 റൺസ് നേടി മികവ് കാട്ടി.

Read also:മരക്കാറിന് വി.എഫ്.എക്‌സ് ഒരുക്കി പുരസ്‌കാരം നേടി സിദ്ധാർത്ഥ്; അഭിനന്ദനവുമായി സഹോദരി കല്യാണി പ്രിയദർശൻ

രാജസ്ഥാൻ റോയൽസിന് വേണ്ടി ജോഫ്ര ആർച്ചർ മൂന്ന് വിക്കറ്റ് വീഴ്ത്തി. ജയദേവ് ഉനദ്കട് രണ്ട് വിക്കറ്റും കാർത്തിക് ത്യാഗി, ശ്രേയസ് ഗോപാൽ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടിയിരുന്നു.

ഈ വിജയത്തോടെ ഡൽഹി ക്യാപിറ്റൽസ് പോയിന്റ്സ് പട്ടികയിൽ ഒന്നാമത്തെത്തി. എട്ട് മത്സരങ്ങളിൽ നിന്നും ആറു വിജയവും രണ്ട് തോൽവിയുമായി 12 പോയിന്റാണ് ഡൽഹിയുടെ സമ്പാദ്യം.

Story Highlights: ipl delhi wins