ആസ്വാദക ഹൃദയം തൊട്ട് ‘സാജന്‍ ബേക്കറി’യിലെ പുതിയ ഗാനം: വീഡിയോ

October 5, 2020
Kaalamere Poi Maikilum Song

കോമഡി കഥാപാത്രങ്ങളിലൂടെ മലയാള സിനിമയില്‍ എത്തി പ്രേക്ഷകപ്രീതി നേടിയ താരമാണ് അജു വര്‍ഗീസ്. എന്നാല്‍ പിന്നീട് നായകനായും പ്രതിനായകനായുമെല്ലാം വെള്ളിത്തിരയില്‍ താരം ശ്രദ്ധ നേടി. അജു വര്‍ഗീസ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘സാജന്‍ ബേക്കറി since 1962’ . അരുണ്‍ ചന്തു ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. അജു വര്‍ഗീസിനൊപ്പം ലെനയും ഗണേഷ് കുമാറും രഞ്ജിത മേനോനും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നു.

ചിത്രത്തിന്റേതായി പുറത്തിറങ്ങിയ പുതിയ ഗാനം ശ്രദ്ധ നേടുന്നു. കാലമേറെ പോയ് മായ്കിലും എന്നു തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് പുറത്തെത്തിയത്. കെ എസ് ഹരിശങ്കറിന്റെ ആലാപനം ഗാനത്തെ കൂടുതല്‍ സുന്ദരമാക്കുന്നു. വിനായക് ശശികുമാറിന്റേതാണ് ഗാനത്തിലെ വരികള്‍. പ്രശാന്ത് പിള്ളയാണ് സംഗീതം പകര്‍ന്നിരിക്കുന്നത്.

സംവിധായകന്‍ അരുണിനൊപ്പം അജു വര്‍ഗീസ്, സച്ചിന്‍ ആര്‍ ചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഗുരു പ്രസാദ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ബേക്കറിയുടെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന സിനിമയുടെ കൂടുതല്‍ ഭാഗങ്ങളുടേയും ചിത്രീകരണം പത്തനംതിട്ട, റാന്നി, തേനി ബാംഗ്ലൂര്‍ എന്നിവടങ്ങളിലാണ്. കേരളത്തിലെ വളരെ പ്രസിദ്ധമായ പരുമല പള്ളി പെരുന്നാളും സിനിമയുടെ ആവശ്യങ്ങള്‍ക്കായി ചിത്രീകരിച്ചിരുന്നു.

ലളിതമായ ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ നന്മയുള്ള ചില മനുഷ്യരുടെ കഥയാണ് പറയുന്നത് എന്നാണ് സൂചന. ഫന്റാസ്റ്റിക് ഫിലിംസിന്റെ ബാനറില്‍ ധ്യാന്‍ ശ്രീനിവാസന്‍, വൈശാഖ് സുബ്രഹ്‌മണ്യം, അജു വര്‍ഗീസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.

Story highlights: Kaalamere Poi Maikilum Song