രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നു; പുതിയതായി രോഗം സ്ഥിരീകരിച്ചത് 55,342 പേര്‍ക്ക്

October 13, 2020
India reports 4,03,738 new Covid cases

രാജ്യത്ത് പ്രതിദിനമുള്ള കൊവിഡ് കണക്കുകളില്‍ നേരിയ ആശ്വാസം. കഴിഞ്ഞ 24 മണിക്കൂറിനിടെ 55,342 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. എന്നാല്‍ മഹാരാഷ്ട്ര തമിഴ്‌നാട്, ന്യൂഡല്‍ഹി, ആന്ധ്രാപ്രദേശ്, കേരളം, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ കാര്യമായ കുറവു വന്നു തുടങ്ങിയിട്ടില്ല.

ഇതുവരെ 71,75,881 പേര്‍ക്കാണ് ഇന്ത്യയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് അതിരൂക്ഷമായി ബാധിച്ച രാജ്യങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 706 കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതോടെ രാജ്യത്ത് കൊവിഡ് മൂലം മരണപ്പെട്ടവരുടെ എണ്ണം 1,09,856 ആയി ഉയര്‍ന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റേതാണ് ഈ കണക്കുകള്‍.

നിലവില്‍ രാജ്യത്തിന്റെ വിവിധ ഇടങ്ങളിലായി 8,38,729 പേര്‍ കൊവിഡ് രോഗത്തിന് ചികിത്സയില്‍ കഴിയുന്നുണ്ട്. ഇതുവരെ 62,27,296 പേര്‍ കൊവിഡ് രോഗത്തില്‍ നിന്നും മുക്തരായി.

Story highlights: Latest covid 19 updates in India