അവൻ വരുന്നു… വിപ്ലവത്തിന്റെ അവതാരമായവൻ; വിസ്മയിപ്പിച്ച് ‘ആർ‌ആർ‌ആർ’ ടീസർ

October 22, 2020

രാജമൗലിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ‘ആർ‌ആർ‌ആർ’. ലോക്ക് ഡൗണിന് ശേഷം ചിത്രീകരണം പുനഃരാരംഭിച്ച ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ജൂനിയർ എൻ‌ടി‌ആർ, രാം ചരൺ, അജയ് ദേവ്ഗൺ, ആലിയ ഭട്ട്, ഒലിവിയ മോറിസ് എന്നിവരാണ് ചിത്രത്തിൽ മുഖ്യകഥാപാത്രങ്ങളായി എത്തുന്നത്.

സിനിമ ചിത്രീകരണം കൊവിഡ് പാശ്ചാത്തലത്തിൽ നീണ്ടുപോയെങ്കിലും അടുത്തിടെ സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരുന്നു. ചിത്രത്തിന്റെ മേക്കിംഗ് വീഡിയോ പങ്കുവെച്ചുകൊണ്ട് രാജമൗലി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.ചിത്രീകരണത്തെക്കുറിച്ചുള്ള കുറിപ്പോടെയാണ് വീഡിയോ ആരംഭിക്കുന്നത്. ‘ഞങ്ങളുടെ ചിത്രത്തിന്റെ ചിത്രീകരണം മാർച്ച് വരെ ഫലപ്രദമായി നടന്നു. എന്നാൽ ലോകം നിലച്ചു, അതുപോലെ ഞങ്ങളും. ഇപ്പോൾ ഇരട്ടി ശക്തിയോടെ മടങ്ങിയെത്തിരിക്കുന്നു’. ചിത്രീകരണവും നിർമ്മാണ പ്രവർത്തനങ്ങളും പുനരാരംഭിക്കുന്നതിനുമുമ്പ് സ്വീകരിച്ച സുരക്ഷാ നടപടികളെക്കുറിച്ച് വീഡിയോയിൽ കാണിക്കുന്നു.

Read also:ഒന്നിച്ചുള്ള ആറു പതിറ്റാണ്ടുകൾ, കൊവിഡ് അകറ്റിയ 215 ദിവസങ്ങൾ ഒടുവിൽ ഒന്നുചേരൽ; സ്നേഹം നിറച്ചൊരു വീഡിയോ

ബ്രിട്ടീഷ് രാജിനെതിരെ ധീരമായ പോരാട്ടം നടത്തിയ രണ്ട് ഇന്ത്യൻ സ്വാതന്ത്ര്യസമര സേനാനികളെ കുറിച്ചാണ് ചിത്രം പങ്കുവയ്ക്കുന്നത്. എഡിറ്റിംഗ് ശ്രീകർ പ്രസാദും, ഛായാഗ്രഹണം കെ കെ സെന്തിൽ കുമാറും നിർവഹിക്കുന്നു.

Story Highlights: SS Rajamouli RRR teaser